Kerala
സ്വാതന്ത്ര്യ ദിനത്തില്‍ സി.പി.എം പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയരും; ചരിത്രത്തില്‍ ആദ്യം
Kerala

സ്വാതന്ത്ര്യ ദിനത്തില്‍ സി.പി.എം പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയരും; ചരിത്രത്തില്‍ ആദ്യം

Web Desk
|
9 Aug 2021 9:40 AM GMT

2019 ലോക്സഭ തെരഞ്ഞെടുപ്പിലും 2021 പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് നേരിട്ട കനത്ത പരാജയത്തിന്‍റെ കൂടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ പുതിയ നീക്കം

സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്താനൊരുങ്ങി സി.പി.എം. ചരിത്രത്തിലാദ്യമായാണ് സി.പി.എം പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ തീരുമാനിക്കുന്നത്. രാജ്യത്തിന്‍റെ 75ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് പാര്‍ട്ടിയുടെ പുതിയ തീരുമാനമെന്ന് മുതിർന്ന സി.പി.എം നേതാവ് സുജൻ ചക്രബർത്തി പറഞ്ഞു.

അതേസമയം സി.പി.എം ആദ്യമായാണ് ഇത്തരത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതെന്ന വാദത്തെ സുജൻ ചക്രബർത്തി തള്ളിക്കളഞ്ഞു. വ്യത്യസ്തമായ തരത്തിലാണ് നേരത്തെ സ്വാതന്ത്ര്യ ദിനത്തെ സി.പി.എം ആഘോഷിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണയായി സി.പി.എം സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത് ഫാസിസ്റ്റ് ശക്തികളാലും വര്‍ഗീയ ശക്തികളാലും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും സംവാദങ്ങളും ചര്‍ച്ചകളും നടത്തിക്കൊണ്ടാണ്. ഇത്തവണ അത് കൂടുതല്‍ വിപുലമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടായിരുന്നു സുജൻ ചക്രബർത്തിയുടെ പ്രതികരണം.

2019 ലോക്സഭ തെരഞ്ഞെടുപ്പിലും 2021 പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് നേരിട്ട കനത്ത പരാജയത്തിന്‍റെ കൂടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ പുതിയ നീക്കം. ദേശീയതയുമായി ബന്ധപ്പെട്ട് എതിര്‍കക്ഷികള്‍ നിരന്തരം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതിനും ഇതുവഴി പരിഹാരമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ചൈന, ക്യൂബ, വിയറ്റ്നാം എന്നീ രാജ്യങ്ങളോട് പലപ്പോഴും കൂടുതൽ സഹാനുഭൂതി പ്രകടിപ്പിച്ച മാർക്സിസ്റ്റ് പാർട്ടി, രാജ്യത്തിന്‍റെ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പരാജയപ്പെടുന്നു എന്ന ആരോപങ്ങള്‍ നിലനില്‍ക്കുന്ന ഘട്ടത്തില്‍ കൂടിയാണ് ഈ തീരുമാനം. സി.പി.ഐയില്‍ നിന്ന് പിളര്‍ന്ന് സി.പി.എം രൂപീകരിച്ച സമയം മുതല്‍ 'ഈ സ്വാതന്ത്ര്യം വ്യാജമാണ്' എന്ന മുദ്രാവാക്യമാണ് സ്വാതന്ത്ര്യ ദിനത്തില്‍ സിപിഎം ഉയര്‍ത്തിയിരുന്നത്.

Similar Posts