ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് പിൻവലിച്ച ഒരു കോടി തിരിച്ചടയ്ക്കാൻ സിപിഎം
|സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് ബാങ്കിലെത്തി അധികൃതരുമായി ചർച്ച നടത്തി
തൃശൂർ: തൃശൂരിൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാൻ സിപിഎം നീക്കം. സിപിഎം ജില്ലാ സെക്രട്ടറി ബാങ്കിലെത്തി അധികൃതരുമായി ചർച്ച നടത്തി. ആദായ നികുതി വകുപ്പിന്റെ തീരുമാനം അറിഞ്ഞ ശേഷമാവും ബാങ്ക് പണം സ്വീകരിക്കുക.
നികുതി റിട്ടേണിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കാണിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ആദായനികുതി വകുപ്പ് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് മരവിപ്പിച്ചത്. 5.8 കോടിയായിരുന്നു ഈ അക്കൗണ്ടിലുണ്ടായിരുന്ന ആകെ തുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിൽ ഒരു കോടി രൂപ ജില്ലാ സെക്രട്ടറി എംഎം വർഗീസ് പിൻവലിച്ചു. ഈ പണമാണിപ്പോൾ തിരിച്ചടയ്ക്കാൻ സിപിഎം ഒരുങ്ങുന്നത്.
വിഷയത്തിൽ ബാങ്ക് അധികൃതരുമായി ചർച്ച നടത്തിയിരിക്കുകയാണ് എംഎം വർഗീസ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരോട് കൂടി ചർച്ച നടത്തിയശേഷമേ തീരുമാനമെടുക്കാനാവൂ എന്ന് ബാങ്ക് അധികൃതർ വർഗീസിനെ അറിയിച്ചതായാണ് ലഭിക്കുന്ന വിവരം.
സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ക്രോഡീകരിച്ചു നൽകുന്നത് ഡൽഹിയിൽ നിന്നാണെന്നും അങ്ങനെ നൽകിയപ്പോൾ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിന്റെ കാര്യം വിട്ടു പോയതാണെന്നുമാണ് എംഎം വർഗീസ് നേരത്തേ ആദായനികുതി വകുപ്പിനെ അറിയിച്ചിരുന്നത്. തങ്ങളുടെ വാദങ്ങൾ അംഗീകരിക്കാനാവില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളുണ്ടായേക്കാം എന്നത് മുന്നിൽക്കണ്ടാണ് ഇപ്പോൾ പണം തിരിച്ചടയ്ക്കാനുള്ള സിപിഎം നീക്കം.