Kerala
Vandhebharat- K Rail

വന്ദേഭാരത്- കെ-റെയില്‍ 

Kerala

വന്ദേഭാരത് അനുവദിച്ചെങ്കിലും സിൽവർ ലൈനിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്ന നിലപാടിൽ സംസ്ഥാന സർക്കാർ

Web Desk
|
16 April 2023 2:05 AM GMT

സംസ്ഥാനത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചെങ്കിലും സില്‍വര്‍ ലൈനില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചെങ്കിലും സില്‍വര്‍ ലൈനില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. സില്‍വര്‍ ലൈനിന്‍റെ കേന്ദ്രാനുമതിക്ക് വേണ്ടിയുള്ള സമ്മര്‍ദം തുടരും. വന്ദേഭാരത് വിഷയത്തില്‍ കരുതലോടെ പ്രതികരിച്ചാല്‍ മതിയെന്ന് സി.പി.എം നേതൃത്വത്തിൽ ധാരണ. വന്ദേഭാരതുമായി ബന്ധപ്പെട്ട് മുഴുവന്‍ വിവരങ്ങളും പുറത്ത് വന്നതിന് ശേഷം പ്രതികരണം മതിയെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്.

ഇടത് മുന്നണി മുന്നോട്ടുവെച്ച കെ-റെയിലിന് ബദലാണ് വന്ദേഭാരത് എന്നായിരിന്നു ബി.ജെ.പിയുടെ പ്രചാരണം. കെ-റെയിലിന് അനുമതി നല്‍കാതിരിക്കുകയും സംസ്ഥാനത്തിന് വന്ദേഭാരത് അനുവദിക്കുകയും ചെയ്തത് ബി.ജെ.പി സംസ്ഥാനമുടനീളം വലിയ ആഘോഷമാക്കി മാറ്റിയിരിന്നു. കെ-റെയിലിനേക്കാള്‍ മികച്ചതാണ് വന്ദേഭാരത് എന്ന പ്രചാരണത്തെ തടുക്കാനാണ് ഇടത് മുന്നണിയുടെ നീക്കം.

വന്ദേഭാരത് വന്നതോടെ കെ-റെയിലിന്റെ അനുമതിക്കുള്ള സാധ്യത കൂടുതല്‍ മങ്ങിയെങ്കിലും സി.പി.എം നേതൃത്വം പിന്നോട്ടില്ല. കെ-റെയിലും വന്ദേഭാരതും താരതമ്യം ചെയ്യുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് മുതിര്‍ന്ന നേതാവ് മീഡിയവണിനോട് പറഞ്ഞു. കെ-റെയിലില്‍ നിന്ന് മുന്നണി പിന്നോട്ട് പോയിട്ടില്ലെന്നും കേന്ദ്രാനുമതി കിട്ടിയാല്‍ പദ്ധതി നടപ്പാക്കുമെന്നുമാണ് നേതൃത്വത്തിന്‍റെ നിലപാട്. അതേസമയം വന്ദേഭാരതുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പുറത്ത് വന്ന ശേഷം പ്രതികരണത്തിലേക്ക് കടന്നാല്‍ മതിയെന്ന നിലപാടിലാണ് പാര്‍ട്ടി.

ട്രെയിന്‍ അനുവദിച്ചതിനെ സ്വാഗതം ചെയ്യുമ്പോള്‍ പോലും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ബി.ജെ.പി നീക്കത്തെ പ്രതിരോധിക്കേണ്ടി വരുമെന്നാണ് സി.പി.എമ്മിന്‍റെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്.

Watch Video Report

Related Tags :
Similar Posts