പുതുപ്പള്ളിയില്‍ തൃക്കാക്കര മോഡലില്‍ മന്ത്രിമാർ തമ്പടിക്കില്ല; രാഷ്ട്രീയം മാത്രം ആയുധമാക്കാന്‍ സി.പി.എം
|ഉമ്മന്‍ചാണ്ടിയുടെ ചികിത്സയടക്കം ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫ് പ്രചാരണവിഷയമാക്കിയിരിന്നു. എന്നാല്‍, വ്യക്തിപരമായ വിവാദങ്ങളിലേക്ക് പ്രചാരണം കൊണ്ടുപോകേണ്ടതില്ലെന്നാണു സംസ്ഥാന കമ്മിറ്റി തീരുമാനം
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം മാത്രം പ്രചാരണവിഷയമാക്കിയാല്‍ മതിയെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനം. വ്യക്തിപരമായ വിവാദങ്ങളിലേക്കോ മറുപടികളിലേക്കോ പോകേണ്ടതില്ലെന്ന നിലപാടിലാണ് പാര്‍ട്ടി. ആദ്യഘട്ട പ്രചാരണത്തിന് മുഖ്യമന്ത്രി ഈ മാസം 24ന് പുതുപ്പള്ളിയിലെത്തും. മന്ത്രിമാർ അവസാനഘട്ട പ്രചാരണത്തിനു മാത്രം എത്തിയാല്‍ മതിയെന്നാണ് തീരുമാനം.
ഉമ്മന്‍ചാണ്ടിയുടെ ചികിത്സയടക്കം ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫ് പ്രചാരണവിഷയമാക്കിയിരിന്നു. എന്നാല്‍, വ്യക്തിപരമായ വിവാദങ്ങളിലേക്ക് പ്രചാരണം കൊണ്ടുപോകേണ്ടതില്ലെന്നാണു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ വിഷയങ്ങള്‍ മാത്രം പ്രചാരണായുധമാക്കിയാല്‍ മതി. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങള്‍ ജനങ്ങളിലെത്തിക്കണം. അതിനൊപ്പം വികസനപ്രവർത്തനങ്ങള്‍ക്ക് പ്രതിപക്ഷം തടസ്സംനില്ക്കുന്നുവെന്നും പുതുപ്പള്ളിയില്‍ ഇടത് മുന്നണി പറയും.
എന്തു വികസനത്തിനും സർക്കാർ മുന്‍കൈയെടുത്താലും പ്രതിപക്ഷം വലിയ പ്രക്ഷോഭങ്ങളിലേക്കുപോയി അതിനെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് സി.പി.എമ്മിന്റെ പരാതി. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായും മറ്റും ബുദ്ധിമുട്ടിക്കുമ്പോഴും പ്രതിപക്ഷം മൗനം പാലിച്ചുവെന്നും ഇടത് പ്രചാരണത്തില്‍ ഉന്നയിക്കും.
മുഖ്യമന്ത്രി പിണറായി വിജയന് രണ്ടുഘട്ടമായി പുതുപ്പള്ളിയിലെത്തും. ആഗസ്റ്റ് 24ന് പുതുപ്പള്ളി, അയർക്കുന്നം പഞ്ചായത്തുകളില്‍ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. 31നു ശേഷമായിരിക്കും രണ്ടാംഘട്ട പ്രചാരണം. തൃക്കാക്കരയിലേതുപോലെ മന്ത്രിമാർ പുതുപ്പള്ളിയില്‍ തമ്പടിക്കില്ല. അവസാനഘട്ട പ്രചാരണത്തിനുമാത്രം മന്ത്രിമാർ എത്തിയാല്‍ മതിയെന്നാണ് സംസ്ഥാന കമ്മിറ്റി തീരുമാനം.
Summary: CPM state committee decided not to take up political issues instead of the individual controversies in Puthuppally by-election. Ministers will not camp in the constituency in Thrikkakara model