ശിവൻകുട്ടി രാജിവെക്കേണ്ടെന്ന് സിപിഎം; ത്രിശങ്കുവില്‍ കേരള കോണ്‍ഗ്രസ് എം
|നിയമസഭ കയ്യാങ്കളി; സുപ്രിം കോടതി വിധിയുടെ പേരിൽ ശിവൻകുട്ടി രാജിവെക്കേണ്ടെന്ന് സി.പി.എം, വിധിയെ തള്ളാനും കൊള്ളാനും കഴിയാതെ കേരള കോണ്‍ഗ്രസ് എം
നിയമസഭ കയ്യാങ്കളിക്കേസിലെ സുപ്രിം കോടതി വിധിയുടെ പേരിൽ ശിവൻകുട്ടി രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം . വിചാരണ കഴിയാതെ കുറ്റക്കാരനാണെന്ന് കണ്ടെത്താൻ കഴിയില്ലെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. വിധിയെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് കേരള കോൺഗ്രസ് എം.
ശിവൻകുട്ടി അടക്കമുള്ളവരുടെ വിചാരണ ഒഴിവാക്കാനുള്ള സർക്കാർ ശ്രമം പാഴായതോടെ നിലവിലെ പ്രതിസന്ധിയെ മറികടക്കാനുള്ള ആലോചന സർക്കാർ മുന്നണി തലങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ കോടതി പരാമർശങ്ങളോടെ തന്നെ വിധി സംബന്ധിച്ച സൂചനകൾ സർക്കാരിനുണ്ടായിരിന്നു. ആറ് പ്രതികളിൽ രണ്ട് പേർ മാത്രമാണ് നിലവിൽ ജനപ്രതിധികൾ. കെ ടി ജലീൽ എം എൽ എ മാത്രമായത് കൊണ്ട് മറ്റ് പ്രശ്നങ്ങളില്ല. എന്നാൽ ശിവൻകുട്ടി മന്ത്രിയായതാണ് സർക്കാർ നേരിടുന്ന പ്രധാന പ്രശ്നം.
മന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ഉയർത്തിയിട്ടുണ്ടെങ്കിലും അതിന് സർക്കാരും മുന്നണിയും വഴങ്ങില്ല. വിചാരണ നേരിടണമെന്ന് മാത്രമാണ് കോടതി പറഞ്ഞതെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലെന്നുമുള്ള വാദമാണ് ഭരണപക്ഷം ഉയർത്തുന്നത്. വിചാരണക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുംവരെ രാജിവെക്കേണ്ടതില്ലെന്നാണ് സി പി എം നിലപാട്. നാളെ നിയമസഭയിൽ വിഷയം വരുമ്പോൾ മുഖ്യമന്ത്രി തന്നെ പ്രതിരോധം തീർക്കും. അതേ സമയം കേരള കോൺഗ്രസ് എം വിധിയെ തള്ളാനും കൊള്ളാനും കഴിയാത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ്. സർക്കാരിനെയും കോടതിയേയും തള്ളാതെ കരുതലോടെ പ്രതികരിക്കാനാണ് കേരള കോൺഗ്രസ് എം തീരുമാനം