പത്മജയുടെ ബി.ജെ.പി പ്രവേശനം പ്രചാരണ ആയുധമാക്കാൻ സി.പി.എം
|തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ ചര്‍ച്ച ചെയ്യാൻ നാളെ ഇടതുമുന്നണിയോഗം ചേരും
കോഴിക്കോട്: പത്മജയുടെ ബി.ജെ.പി പ്രവേശനം തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കാൻ സി.പി.എം. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തൽ. ഉന്നത കോൺഗ്രസ് നേതാക്കൾക്ക് പോലും ബിജെപിയുമായി അടുത്ത ബന്ധമെന്ന് പ്രചാരണം നടത്തും. ന്യൂനപക്ഷങ്ങൾക്കിടയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ ചര്‍ച്ച ചെയ്യാൻ നാളെ ഇടതുമുന്നണിയോഗം ചേരും.
കെ.കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാലിന്‍റെ ബി.ജെ.പി പ്രവേശം തെരഞ്ഞെടുപ്പില്‍ വലിയ പ്രചരണ വിഷയമാക്കാനാണ് സി.പി.എം തീരുമാനം. വിഷയം തെരഞ്ഞെടുപ്പില്‍ കത്തിച്ച് നിർത്തിയാല്‍ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടല്‍. എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ പോയതിനേക്കാള്‍ രാഷ്ട്രീയ ചലനം പത്മജയുടെ പോക്ക് കൊണ്ട് ഉണ്ടാകുമെന്നാണ് പാർട്ടി വിലയിരുത്തല്‍. കരുണാകരന്‍റെ മകള്‍ ബി.ജെ.പിയില്‍ പോയെങ്കില്‍ മറ്റ് പലരും പോകുമെന്ന പ്രചരണം സി.പി.എം അഴിച്ച് വിടും. ഉന്നത കോൺഗ്രസ് നേതാക്കൾക്ക് പോലും ബി.ജെ.പിയുമായി അടുത്ത ബന്ധമെന്ന് പ്രചരണം നടത്തും. കോൺഗ്രസ് ബി.ജെ.പി ഇഴയടുപ്പം പ്രചാരണ വേദിയിൽ ഉന്നയിക്കും.
സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ സർക്കാരുമായി സമരത്തിന് ഒന്നിക്കാഞ്ഞത് ഇത് മൂലമാണെന്നായിരിക്കും സി.പി.എം പറയാന്‍ പോകുന്നത്. ഇത് വഴി ന്യൂനപക്ഷങ്ങൾക്കിടയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകുമെന്ന് വിലയിരുത്തൽ. കോൺഗ്രസിൽ നിന്ന് ജയിച്ചു വരുന്നവരെ ബി.ജെ.പിയിൽ എത്തിക്കാനാണ് നീക്കമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ ചര്‍ച്ച ചെയ്യാൻ നാളെ വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് ഇടതുമുന്നണിയോഗം ചേരുന്നുണ്ട്.