മണർകാട് പള്ളി പെരുന്നാൾ; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന് സിപിഎം
|പെരുന്നാൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസും ആവശ്യമുന്നയിച്ചിരുന്നു
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി വയ്ക്കണമെന്ന് സിപിഎം. മണർകാട് പള്ളി പെരുന്നാൾ ചൂണ്ടിക്കാട്ടിയാണ് ആവശ്യം. ആവശ്യമുന്നയിച്ച് സിപിഎം ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും.
സെപ്റ്റംബർ 1 മുതൽ 8 വരെ തീയതികളിലാണ് മണർകാട് എട്ടുനോമ്പ് പെരുന്നാൾ. ഈ കാലയളവിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ പ്രവർത്തനങ്ങളിൽ തടസ്സം നേരിടുമെന്നാണ് സിപിഎമ്മിന്റെ വാദം.
പെരുന്നാൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസും ആവശ്യമുന്നയിച്ചിരുന്നു. വോട്ടെണ്ണൽ തീയതിയായ സെപ്റ്റംബർ 8നാണ് മണർകാട് പള്ളിയിൽ പ്രധാന പെരുന്നാൾ. ഇത് തെരഞ്ഞെടുപ്പ് കമ്മിഷൻ കണക്കിലെടുക്കണമെന്നാണ് അയർക്കുന്നം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നീണ്ട 53 വര്‍ഷം ഉമ്മന്‍ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി.1970 മുതൽ 12 തവണ ഉമ്മന്‍ചാണ്ടി തുടർച്ചയായി വിജയിച്ചു വന്ന മണ്ഡലമാണ് പുതുപ്പള്ളി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി ജെയ്ക് സി തോമസിനെ 9,044 വോട്ടിനാണ് ഉമ്മൻചാണ്ടി തോൽപ്പിച്ചത്. 2016ലും ജെയ്ക് തന്നെയായിരുന്നു എതിർ സ്ഥാനാർഥി. അന്ന് 27,092 വോട്ടിനായിരുന്നു മുൻ മുഖ്യമന്ത്രിയുടെ വിജയം.