Kerala
mv govindan master

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

Kerala

തെരഞ്ഞെടുപ്പ് തോൽവി സി.പി.എം ഇഴകീറി പരിശോധിക്കും: എം.വി. ഗോവിന്ദൻ

Web Desk
|
6 Jun 2024 3:51 AM GMT

‘ബി.ജെ.പിക്ക് സീറ്റ് ലഭിച്ചത് ഗൗരവമേറിയ വിഷയം’

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി സി.പി.എം ഇഴകീറി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനങ്ങൾ നൽകിയ മുന്നറിയിപ്പ് പരിഗണിച്ച് തിരുത്തേണ്ടത് തിരുത്തും. ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ മിക്കപ്പോഴും യു.ഡി.എഫിനാണ് മുൻതൂക്കം ലഭിക്കാറ്.1984നു ശേഷം ഒമ്പത് തവണയും യു.ഡി.എഫിനായിരുന്നു മുൻതൂക്കം. അതേസമയം, ഇപ്പോഴത്തെ തോൽവി ചെറുതായി കാണുന്നില്ല.

മൂവാറ്റുപുഴയിലും നേമത്തും നേരത്തെ ബി.ജെ.പി ജയിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ വിജയം ആവർത്തിക്കാതിരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം എൽ.ഡി.എഫ് ഒരുക്കുമെന്നും എം.വി. ഗോവിന്ദൻ വ്യകതമാക്കി. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടാൻ എൻ.ഡി.എക്ക് കഴിഞ്ഞെങ്കിലും ആ വിജയത്തിന് തിളക്കമില്ലെന്നു മാത്രമല്ല പരാജയപ്പെട്ടവരുടെ ഗണത്തിലാണ് ഈ വിജയം കണക്കാക്കപ്പെടുക. ഭൂരിപക്ഷം നേടാനായില്ലെങ്കിലും ‘ഇന്ത്യ കൂട്ടായ്മ’യാണ് വൻ വിജയം നേടിയതെന്ന്‌ പൊതുവെ വിലയിരുത്തപ്പെടുന്നു.

ഇ.ഡി, സി.ബി.ഐ എന്നീ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയും രണ്ടു മുഖ്യമന്ത്രിമാരെ ജയിലിലടയ്‌ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ മൂന്നാംവിജയം ഉറപ്പാക്കാൻ എല്ലാ ജനാധിപത്യ വിരുദ്ധ മാർഗങ്ങളും സ്വീകരിച്ചിട്ടും ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം നേടാനായില്ല.

മോദിയുടെ വർഗീയ പ്രചാരണത്തിൽ വീഴാതെ ജനകീയവിഷയങ്ങൾ ഉയർത്തിയുള്ള ഇന്ത്യ കൂട്ടായ്മയുടെ പ്രചാരണവും ബി.ജെ.പിയുടെ പരാജയത്തിനു കാരണമായി. തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക പ്രതിസന്ധി എന്നീ വിഷയങ്ങൾ സജീവമായി ഉയർത്തിയപ്പോൾ മോദിയുടെ വർഗീയപ്രചാരണങ്ങളും വൈകാരികവിഷയങ്ങളും ജനങ്ങളിൽ ഏശിയില്ല.

മൂന്ന് വിവാദ കാർഷിക ബില്ലുകൾക്കെതിരെ സമരം നയിച്ച കർഷകരും ബി.ജെ.പി സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൽ വലിയ പങ്കുവഹിച്ചു. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, പശ്ചിമ യു.പി എന്നിവിടങ്ങളിൽ ബി.ജെ.പിക്ക് അടി തെറ്റിയത് കർഷകരോഷത്തിന്റെ ഫലമാണ്.

രാജസ്ഥാനിൽനിന്ന്‌ കർഷകനേതാവും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ അമ്രാറാം വിജയിച്ചത് ഇതിന്റെ പ്രതിഫലനമാണ്. കാൽനൂറ്റാണ്ടിനുശേഷം ആദ്യമായാണ് സി.പി.എമ്മിന് ഹിന്ദി ഭാഷാ സംസ്ഥാനത്തുനിന്ന്‌ ഒരു ലോക്‌സഭാംഗമുണ്ടാകുന്നത്. ഇടതുപക്ഷം ഇക്കുറി സീറ്റ് ഇരട്ടിയോളം വർധിപ്പിക്കുകയും ചെയ്തു. സി.പി.എം മൂന്നിൽനിന്ന് നാലു സീറ്റായി വർധിപ്പിച്ചു. സി.പി.ഐക്കും സി.പി.ഐ എം.എല്ലിനും രണ്ടുവീതം സീറ്റ് ലഭിച്ചു.

ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത ഫെഡറൽ സംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കുന്ന ജനവിധിയാണ് ഉണ്ടായതെന്നാണ്. കേന്ദ്രത്തിൽ മോദിയുടെയും ബി.ജെ.പിയുടെയും തകർച്ച ആവേശകരമാണെങ്കിലും കേരളത്തിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല.

ഇടതുപക്ഷം ഒരു സീറ്റിൽ മാത്രം ഒതുങ്ങിയതും ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിച്ചതും ഗൗരവമേറിയ വിഷയം തന്നെയാണ്. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ. അവർ നൽകുന്ന മുന്നറിയിപ്പ് പരിഗണിച്ച് തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി മുന്നോട്ടുപോകും. ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ സജീവമായി ഏറ്റെടുത്ത് അവരോടൊപ്പം ചേർന്ന് എൽ.ഡി.എഫ് പ്രയാണം തുടരുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

Similar Posts