ഭവനനിർമാണ പദ്ധതിക്ക് പഴയിടത്തിന്റെ പായസമേളയുമായി സി.പി.എം
|കൂട്ടിക്കലിലാണ് 25 കുടുംബങ്ങൾക്ക് വീട് നിര്‍മിച്ചുനല്‍കുന്നത്
കോട്ടയം: സി.പി.എം ഭവനിർമാണ പദ്ധതിയുടെ ഭാഗമായി പായസമേളയുമായി സി.പി.എം. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പായസമേള നടത്തുന്നത്. കോട്ടയം കൂട്ടിക്കലിലാണ് 25 കുടുംബങ്ങൾ സി.പി.എം ഭവനനിർമാണ പദ്ധതിയിലൂടെ വീട് നിർമിച്ച് കൊടുക്കുന്നത്. ജനുവരി 20,21,22,23 തീയതികളിൽ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന പായസമേള നടക്കുന്നത്.
'അവര്‍ക്ക് തണലൊരുക്കാന്‍ നമുക്ക് പായസം വാങ്ങാം...പാചക കുലപതി പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന പായസമേള'.. നടക്കുമെന്നും സി.പി.എം നോട്ടീസില്‍ പറയുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം ഭവന പദ്ധതിക്ക് വേണ്ടി ഉപയോഗിക്കും.
നേരത്തെ നോൺവെജ് വിളമ്പുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പ്രഖ്യാപിച്ചിരുന്നു. സർക്കാർ പദ്ധതികളിൽ നിന്ന് പിന്മാറുകയാണെന്നും പഴയിടം പറഞ്ഞിരുന്നു. സംസ്ഥാന സർക്കാര് മുഖ്യസംഘാടകരാകുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ നിന്ന് പിന്മാറിയെന്നും പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമക്കിയിരുന്നു. തൃശൂരാണ് ജനുവരി 26 മുതൽ ദക്ഷിണേന്ത്യൻ ശാസ്ത്രമേള നടക്കുന്നത്. അതേസമയം, പഴയിടം മോഹനൻ നമ്പൂതിരിക്കെതിരായി ഉയർന്ന വിമർശനങ്ങൾ തള്ളി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും രംഗത്തെത്തിയിരുന്നു.