യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; ഇടുക്കിയില്‍ വോട്ട് ചെയ്തതിൽ സി.പി.എം പ്രവർത്തകരും
|ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവർത്തകരടക്കം വോട്ട് ചെയ്തെന്നാണ് പരാതി
ഇടുക്കി: ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ഇടത് സംഘടനാ പ്രവർത്തകരും വോട്ട് ചെയ്തെന്ന് ആക്ഷേപം. പരാതിയുമായി യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി. അന്വേഷിക്കുമെന്ന് സി.പി.എം ഇടുക്കി ജില്ലാ നേതൃത്വവും വ്യക്തമാക്കി.
ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവർത്തകരടക്കം ഇടുക്കിയിലെ ഇടത് സംഘടനകളിൽപ്പെട്ടവർ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തെന്നാണ് പരാതി. പ്രാഥമിക പരിശോധനയിൽ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നിൽ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗമാണന്നും ആരോപണമുണ്ട്.
മുൻ ഡി.സി.സി.പ്രസിഡന്റ് റോയി.കെ.പൗലോസ്, പി.ടി.തോമസ് അനുകൂലികൾ തമ്മിലായിരുന്നു ഇടുക്കിയിലെ മത്സരം. റോയി കെ.പൗലോസിന്റെ പിന്തുണയുള്ള കെ.എസ്.യു. മുൻ ജില്ലാ പ്രസിഡന്റ് ടോണി തോമസിനെ 34 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മറുവിഭാഗത്തിലെ ഫ്രാൻസിസ് ദേവസ്യ വിജയിച്ചത്. വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ചുവെന്ന ആരോപണം എതിർവിഭാഗത്തിനെതിരെ ഇവരും ഉന്നയിക്കുന്നുണ്ട്. അന്വേഷണം നടത്തുമെന്ന് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറിയും പറഞ്ഞു.
തെരഞ്ഞെടുപ്പിൽ അട്ടിമറികൾ നടന്നിട്ടുണ്ടെന്ന പരാതി യൂത്ത് കോൺഗ്രസിൽ നിന്ന് തന്നെ ഉയരുമ്പോൾ അതിനെ മറികടക്കാനുള്ള വഴികൾ തേടുകയാണ് കോൺഗ്രസ് നേതൃത്വം.