Kerala
സഖാവേ ഒഴിവുണ്ട്- തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം പ്രവർത്തകരെ തിരുകിക്കയറ്റാൻ നീക്കം, മേയറുടെ കത്ത് പുറത്ത്
Kerala

'സഖാവേ ഒഴിവുണ്ട്'- തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം പ്രവർത്തകരെ തിരുകിക്കയറ്റാൻ നീക്കം, മേയറുടെ കത്ത് പുറത്ത്

Web Desk
|
5 Nov 2022 2:57 AM GMT

95 ഒഴിവുകൾ ഉണ്ടെന്ന് കാട്ടിയാണ് മേയർ ആര്യാ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്

തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ താത്കാലിക തസ്തികകളിലേക്ക് സിപിഎമ്മുകാരെ തിരുകി കയറ്റാൻ നീക്കം. 295 താൽക്കാലിക തസ്തികകളിലേക്കു മുൻഗണനാ പട്ടിക തയ്യാറാക്കി നൽകണമെന്നാവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചു. ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് ജില്ലാസെക്രട്ടറിയോട് അഭ്യർഥിക്കുന്നതാണ് കത്ത്.

'സഖാവേ' എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരങ്ങൾ നൽകിയിട്ടുണ്ട്. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഔദ്യോഗിക ലെറ്റർപാഡിൽ ഒപ്പിട്ട കത്തിലുണ്ട്. ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്‌സാപ് ഗ്രൂപ്പുകൾ വഴി പരസ്യമായി പ്രചരിപ്പിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. പാർട്ടിയ്ക്കയച്ച കത്ത് പുറത്ത് വന്നതിനെ സിപിഎം നേതൃത്വം ഗൗരവമായിട്ടാണ് കാണുന്നത്.

നഗരസഭയിലെ പാർലമെന്ററി പാർട്ടി ഓഫീസിൽ നിന്നാണ് കത്ത് പുറത്ത് പോയതെന്നാണ് സിപിഎം വിലയിരുത്തൽ. പാർലമെൻററി പാർട്ടി സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ പറയുന്നത്. വ്യാജ കത്താണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി

കത്തിന്റെ പൂർണരൂപം

'തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് ദിവസസ വേദനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത് തീരുമാനിച്ചിട്ടുള്ള വിവരം അങ്ങയെ അറിയിക്കുന്നു. ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. തസ്തികകളുടെ പേര് , വേക്കൻസി, എന്നിവയുടെ ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ഉദ്യോഗാർഥിയുടെ മുൻഗണനാ ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്മായ നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു'

Similar Posts