പി. ശശിക്കെതിരായ അൻവറിന്റെ പരാതി: സിപിഎം നിലപാട് ഇന്ന് വ്യക്തമായേക്കും
|സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നിലേക്ക് അൻവറിന്റെ പരാതി വന്നേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പി.വി അൻവർ എംഎൽഎ നൽകിയ പരാതിയിലെ സിപിഎം നിലപാട് ഇന്ന് വ്യക്തമായേക്കും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നിലേക്ക് അൻവറിന്റെ പരാതി വന്നേക്കും.
അൻവർ ആദ്യം നൽകിയ പരാതിയിൽ പി. ശശിയുടെ പേരിലായിരുന്നുവെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. പരാതി കിട്ടിയാൽ പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഇതിന് പിന്നാലെ പി ശശിയുടെ പേര് ചേർത്ത് പി.വി അൻവർ പാർട്ടിക്ക് പരാതി നൽകി.
അൻവറിനെ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞ പശ്ചാത്തലത്തിൽ പി. ശശിക്കെതിരായ പരാതിയിൽ പാർട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളിലുണ്ട്..പരാതി ഇന്ന് തന്നെ പരിഗണിക്കണമോ, അതോ പിന്നീട് ചർച്ച ചെയ്യണമോ എന്ന കാര്യത്തിലും ഇന്ന് ധാരണ ഉണ്ടാകും.
അൻവർ ഉയർത്തിയ വിഷയങ്ങൾ സമ്മേളനങ്ങളിൽ സജീവ ചർച്ചയാകുന്നത് കൊണ്ട് അധികം നീട്ടി വയ്ക്കേണ്ടതില്ലെന്ന അഭിപ്രായം സിപിഎമ്മിൽ ഒരു വിഭാഗത്തിനുണ്ട്. പരസ്യമായി കാര്യങ്ങൾ തുറന്നു പറയുന്നതിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിച്ചതിന് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റും അൻവറിനെ തള്ളി രംഗത്ത് വന്നിരുന്നു. അപ്പോഴും പാർട്ടി പരിശോധിക്കേണ്ട കാര്യങ്ങൾ പരിഗണനയിലുണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.