'ശബരീനാഥന് മാപ്പില്ല'; കോടതി പരിസരത്ത് സിപിഎമ്മിന്റെ പ്രതിഷേധം
|പാളയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം
തിരുവനന്തപുരം: കെ.എസ് ശബരീനാഥനെതിരെ കോടതി പരിസരത്ത് സിപിഎമ്മിന്റെ പ്രതിഷേധം. ശബരീനാഥന് മാപ്പില്ലെന്ന മദ്രാവാക്യമുയർത്തി പാളയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ശബരീനാഥന് ജാമ്യം ലഭിച്ച ശേഷമായിരുന്നു സിപിഎമ്മിന്റെ പ്രതിഷേധം.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസ്: കെ.എസ് ശബരീനാഥന് ജാമ്യം
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിൽ അറസ്റ്റിലായ കെ.എസ് ശബരീനാഥന് ജാമ്യം. വഞ്ചിയൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാൻഡ് ചെയ്യണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഫോൺ ഹാജരാക്കണമെന്നും 50,000 രൂപ കെട്ടിവെക്കണമെന്നും കോടതി നിർദേശിച്ചു.
ശബരീനാഥൻ ഗൂഢാലോചനയിൽ ഭാഗമായതിന്റെ തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. വിമാനത്തിലുണ്ടായ നാടകങ്ങളുടെയെല്ലാം തുടക്കം ശബരിയുടെ സന്ദേശമാണ്. മുഖ്യമന്ത്രിക്കെതിരായ അതിക്രമത്തിന്റെ മാസ്റ്റർ ബ്രെയിൻ ശബരിയാണ്. ഫോൺ കിട്ടിയാൽ മാത്രമേ മറ്റാർക്കൊക്കെ ഇതിനകത്ത് പങ്കുണ്ടെന്ന് വ്യക്തമാവുകയുള്ളൂ എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ശബരിനാഥനെ കസ്റ്റഡിയിൽ വിടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. റിമാൻഡ് റിപ്പോർട്ടിനൊപ്പം കസ്റ്റഡി അപേക്ഷയും സമർപ്പിച്ചു.
എന്നാൽ സ്‌ക്രീൻ ഷോട്ട് അല്ലാതെ വേറെ എന്ത് തെളിവാണുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം. കസ്റ്റഡി ആവശ്യപ്പെടുന്നത് ഈ ഒരു സ്‌ക്രീൻ ഷോട്ടിന്റെ പിൻബലത്തിൽ അല്ലേയെന്നും കോടതി ചോദിച്ചു. അതേസമയം ഫോൺ കസ്റ്റഡിയിൽ നൽകുകയാണെങ്കിൽ മൂന്ന് മിനിട്ടിനകം ഫോൺ ഹാജാരാക്കാൻ തയ്യാറാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. സർക്കാറിന് വേണ്ടി അഡ്വക്കേറ്റ് എ അബ്ദുൾ ഹക്കീമും ശബരീനാഥിന് വേണ്ടി മൃതുൽ മാത്യു ജോണുമാണ് ഹാജരായത്.