രണ്ടാം പൗരത്വ പ്രക്ഷോഭ പരിപാടികള്‍ക്ക് കോഴിക്കോട്ട് തുടക്കമിട്ട് സി.പി.എം
|കോൺഗ്രസ് സംസ്ഥാന ദേശീയ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി രാഹുൽ ഗാന്ധി സംഘടിപ്പിച്ച ഭാരത് ജോഡോ ന്യായ് യാത്രയിൽ പൗരത്വ നിയമത്തിനെതിരായി എന്തെങ്കിലും പറഞ്ഞോ എന്ന ചോദ്യവും ഉന്നയിച്ചു
കോഴിക്കോട്: സി.പി.എമ്മിന്റെ രണ്ടാം പൗരത്വ പ്രക്ഷോഭ പരിപാടികള്‍ക്ക് കോഴിക്കോട്ട് തുടക്കം. കോഴിക്കോട് കടപ്പുറത്ത് നടന്ന റാലി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി കോൺഗ്രസിന് ദേശീയതലത്തിൽ സി.എ.എക്കെതിരെ നിലപാടില്ലെന്നും വിമർശിച്ചു. കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാർഥികളും റാലിയില്‍ പങ്കെടുത്തു.
കുടിയേറ്റക്കരെ മുസ്ലിംകളെന്നും അമുസ്ലിംകൾ എന്നും വേർതിരിക്കുകയാണ് പൗരത്വ നിയമം ചെയ്യുന്നത്. സംഘ്പരിവാർ അജണ്ട നിയമപരമാക്കാനാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസ് സംസ്ഥാന ദേശീയ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി രാഹുൽ ഗാന്ധി സംഘടിപ്പിച്ച ഭാരത് ജോഡോ ന്യായ് യാത്രയിൽ പൗരത്വ നിയമത്തിനെതിരായി എന്തെങ്കിലും പറഞ്ഞോ എന്ന ചോദ്യവും ഉന്നയിച്ചു.
വിവിധ മുസ്ലിം സംഘടനകളെ പ്രതിനിധീകരിച്ച് സി. മുഹമ്മദ് ഫൈസി, മുസ്തഫ മുണ്ടുപാറ, മജീദ് സ്വലാഹി, ഫസല്‍ ഗഫൂര്‍, ഐ.പി അബ്ദുസ്സലാം, സജാദ് തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാർഥി എളമരം കരീം അധ്യക്ഷനായി. വടകര സ്ഥാനാർഥി കെ.കെ ശൈലജ പരിപാടിയില്‍ സംസാരിച്ച് വോട്ടഭ്യർഥനയും നടത്തി. ലോക്സഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് സി.പി.എം വീണ്ടും പൗരത്വ പ്രക്ഷോഭം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
Summary: CPM's second citizenship agitation program begins in Kozhikode