അജീഷ് പോള് സുഖം പ്രാപിക്കുന്നു; കാക്കിയണിഞ്ഞ് സ്റ്റേഷനിലേക്ക് വരുന്നതും കാത്ത് സഹപ്രവർത്തകർ
|മാസ്ക് ധരിക്കാത്തത് ചോദിച്ചപ്പോഴാണ് യുവാവ് കല്ല് കൊണ്ട് സിവിൽ പൊലീസ് ഓഫീസർ അജീഷ് പോളിനെ ആക്രമിച്ചത്
മാസ്ക് ധരിക്കാത്തത് ചോദ്യംചെയ്തതിന് യുവാവിന്റെ ആക്രമണത്തിനിരയായ ഇടുക്കി മറയൂരിലെ സിവിൽ പൊലീസ് ഓഫീസർ അജീഷ് പോൾ സുഖം പ്രാപിച്ചു വരികയാണ്. കഴിഞ്ഞ ദിവസം അജീഷിനെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. തലക്ക് ഗുരുതരമായി പരിക്കേറ്റ അജീഷിന്റെ ഓർമ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സഹപ്രവർത്തകർ.
തലയോട്ടിക്ക് പൊട്ടലുണ്ടായതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ അജീഷ് പോളിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. എങ്കിലും ഓർമ പൂർണമായും വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന അജീഷുമായി വീഡിയോ കോളിലൂടെ സംസാരിച്ച മറയൂർ എസ്ഐ പി എം എബിയും മറ്റ് ഉദ്യോഗസ്ഥരും തങ്ങളുടെ സഹപ്രവർത്തകന്റെ ഓർമ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.
മറയൂരിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ അജീഷ് പോളിന്റെ ബന്ധുക്കൾക്കൊപ്പമുണ്ട്. അജീഷ് വീണ്ടും കാക്കി അണിഞ്ഞു തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് എല്ലാവരും.
ജൂൺ ഒന്നിന് കാന്തല്ലൂർ കോവിൽക്കടവ് ടൗണിൽ വെച്ചാണ് കോവിൽക്കടവ് സ്വദേശി സുലൈമാന്റെ ആക്രമണത്തിൽ അജീഷിന് പരിക്കേറ്റത്. മാസ്ക് ധരിക്കാത്തത് ചോദ്യംചെയ്തതിൽ പ്രകോപിതനായ യുവാവ് കല്ല് കൊണ്ട് അജീഷ് പോളിനെയും ഇൻസ്പെക്ടർ ജി.എസ് രതീഷിനെയും ഇടിക്കുകയായിരുന്നു. കോവിഡ് ഡ്യൂട്ടിയിൽ ആയിരിക്കെ ആക്രമിക്കപ്പെട്ട അജീഷ് പോളിന്റെ ചികിത്സ കേരള സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.