കോഴിക്കോട് റെയില്‍ പാളത്തില്‍ വിള്ളല്‍; ഒഴിവായത് വന്‍ അപകടം
|നാട്ടുകാരാണ് വിള്ളൽ കണ്ടെത്തിയത്.
കോഴിക്കോട് കടലുണ്ടിക്കടുത്ത് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. റയില്‍വേ അധികൃതരെത്തി അറ്റകുറ്റപ്പണി നടത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. നാട്ടുകാരുടെ ഇടപെടലാണ് വലിയ ദുരന്തമൊഴിവാക്കിയത്.
കടലുണ്ടിക്കും മണ്ണൂര്‍ റെയില്‍വേ ഗേറ്റിനുമിടയിലായിരുന്നു പാളത്തില്‍ വിള്ളല്‍. രാവിലെ ഏഴ് മണിയോടെ ട്രെയിന്‍ കടന്നുപോയ സമയത്ത് അസാധാരണ ശബ്ദം കേട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പാളം മുറിഞ്ഞ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വിവരം പൊലീസിലും റെയില്‍വേയിലും അറിയിച്ചു.
അല്പ സമയം റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. വിള്ളല്‍ വീണ ഭാഗത്ത് ക്ലാമ്പിട്ട് കൂട്ടി യോജിപ്പിച്ചാണ് താത്കാലിമായി ഗതാഗതം പുനസ്ഥാപിച്ചത്. നേരത്തെ വെല്‍ഡ് ചെയ്ത് ഉറപ്പിച്ച ഭാഗം അടര്‍ന്ന് പോയതാണ് വിള്ളല്‍ വീഴാന്‍ കാരണമെന്നാണ് റെയില്‍വേയുടെ നിഗമനം.