തൃശൂർ-പാലക്കാട് ദേശീയപാതയിലെ വിളളൽ; പുനർനിർമാണ നടപടികൾ ഇന്ന് ആരംഭിക്കും
|60 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കണമെന്നാണ് കരാർ കമ്പനിക്ക് നിർദേശം നൽകിയത്
തൃശൂർ: തൃശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം വഴുക്കുംപാറയിൽ വിള്ളലുണ്ടായ ഭാഗം പുനർ നിർമിക്കാനുള്ള നടപടികൾ ഇന്ന് ആരംഭിക്കും. റോഡിലെ വിള്ളലുണ്ടായ ഭാഗത്തുകൂടിയുള്ള ഗതാഗതം ഒരു കിലോമീറ്ററോളം പൂർണമായും നിർത്തിവച്ചായിരിക്കും പുനർനിർമാണം നടക്കുക. 60 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കണമെന്ന് കരാർ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്.
രാവിലെ എട്ട് മണി മുതൽ കരാറുകാർ വിള്ളലുണ്ടായ ഭാഗം പൊളിച്ചു നീക്കാൻ ആരംഭിക്കും. ഇതിന് ദേശീയ പാത അതോറിറ്റിക്ക് പുറമെ, റോഡ് സുരക്ഷാ അതോറിറ്റി, നാറ്റ്പാക്ക്, പാലക്കാട് ഐഐടി ഉൾപ്പെടെയുള്ള ഏജൻസികൾ മേൽനോട്ടം വഹിക്കും. റോഡ് നിർമാണത്തിന്റെ കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് കരാർ കമ്പനിക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി കെ രാജൻ പറഞ്ഞു.
കരാറുകാർക്കെതിരേ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള നടപടിയുടെ ഭാഗമായി നോട്ടീസ് നൽകാൻ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. വിള്ളലുണ്ടായ സാഹചര്യത്തെക്കുറിച്ച് പഠിച്ച് കരാറുകാർക്കെതിരെ നടപടിയെടുക്കുമെന്ന് ദേശീയ പാത അധികൃതർ അറിയിച്ചു. തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ദേശീയപാതയുടെ ഇടതുവശം മാത്രമായിരിക്കും ഇന്ന് മുതൽ ഗതാഗതത്തിന് ഉപയോഗിക്കുക. ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ ഇതുവഴി ഓരോ വരിയായി കടത്തിവിടാനാണ് തീരുമാനം.