ബാറുടമകൾ പണം പിരിച്ചത് മദ്യനയത്തിൽ മാറ്റം വരുത്തുന്നതിന് കോഴ നൽകാൻ വേണ്ടിയല്ലെന്ന് ക്രൈംബ്രാഞ്ച്
|പണം പിരിച്ചത് ബാറുടമകളുടെ അസോസിയേഷന് വേണ്ടി തിരുവനന്തപുരത്ത് പുതിയ ആസ്ഥാനമന്ദിരം വാങ്ങാനാണെന്ന ബാറുടമകളുടെ വാദം ശരിവെക്കുന്നതാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്.
തിരുവനന്തപുരം: ബാറുടമകളുടെ പണപ്പിരിവ് മദ്യനയത്തിൽ മാറ്റം വരുത്തുന്നതിന് കോഴ നൽകാൻ വേണ്ടിയല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സംഘടന്ക്ക് തിരുവനന്തപുരത്ത് കെട്ടിടം വാങ്ങാനാണ് പണപ്പിരിവ് നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. മദ്യനയം മാറ്റാൻ കോഴ നൽകണമെന്ന ബാറുടമകളുടെ സംഘടനയുടെ നേതാവ് അനിമോന്റെ ശബ്ദസന്ദേശം വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടത് തെറ്റിദ്ധാരണ മൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പണം പിരിച്ചത് ബാറുടമകളുടെ അസോസിയേഷന് വേണ്ടി തിരുവനന്തപുരത്ത് പുതിയ ആസ്ഥാനമന്ദിരം വാങ്ങാനാണെന്ന ബാറുടമകളുടെ വാദം ശരിവെക്കുന്നതാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. കെട്ടിടം വാങ്ങാൻ സംഘടനയുടെ സംസ്ഥാന കമ്മിറ്റിയിൽ തീരുമാനമെടുത്തു. യോഗത്തിന്റെ മിനുട്‌സിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. നാലരക്കോടി രൂപയോളം ഈ ആവശ്യത്തിനായി പിരിച്ചതിന് രേഖകളുണ്ട്. ഈ തുകയും കെട്ടിടത്തിനുവേണ്ടി ചെലവഴിച്ച തുകയും തമ്മിൽ ഒത്തുപോകുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
അസോസിയേഷന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ വിശദാംശങ്ങളും ബാറുടമകളുടെ ഫോൺ രേഖകളുമെല്ലാം അന്വേഷണ പരിധിയിലെത്തി. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശമിട്ട അനിമോൻ അടക്കമുള്ളവരെ ചോദ്യം ചെയ്യുകയുമുണ്ടായി. സംഘടനയിലെ വിഭാഗീയത മൂലമുണ്ടായ തെറ്റിദ്ധാരണയുടെ പുറത്താണ് ശബ്ദസന്ദേശം ഗ്രൂപ്പിലിട്ടതെന്നാണ് അനിമോൻ നൽകിയ മൊഴി. ഈ മൊഴി സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ബാർകോഴ വിവാദമുയർന്നതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ബി രാജേഷ് നൽകിയ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ കൈമാറാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്.