ചെറുവണ്ണൂരിലെ ജിഷ്ണുവിന്റെ മരണം: ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച്
|ഉയരത്തിൽ നിന്നും വീണപ്പോൾ ഉണ്ടായ പരിക്കാണ് മരണ കാരണം
കോഴിക്കോട്: ചെറുവണ്ണൂരിൽ മരിച്ച ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഉയരത്തിൽ നിന്നും വീണപ്പോൾ ഉണ്ടായ പരിക്കാണ് മരണ കാരണം. വീഴ്ചയിൽ തല കല്ലിൽ ഇടിച്ച് ആഴത്തിലുള്ള മുറിവേറ്റു. വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിൽ തറച്ചതും മരണകാരണമായെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ജിഷ്ണു എങ്ങനെയാണ് മതിലിൽ നിന്ന് വീണതെന്ന് പൊലീസ് വ്യക്തമാക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടു. ജിഷ്ണുവിനെ മർദിച്ച് മതിലിന് സമീപം കൊണ്ടിട്ടതാകാമെന്ന് ഭാര്യ വൈഷ്ണവി പറഞ്ഞു. നിലവിലെ അന്വേഷണം പ്രഹസനമാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കാണും.
ജിഷ്ണുവിന്റെ മരണം പൊലീസ് മർദനത്തെ തുടർന്നാണെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ഏപ്രിൽ 26ന് രാത്രി ഒമ്പതോടെ നല്ലളം പൊലീസ് വീട്ടിലെത്തി ജിഷ്ണുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഒമ്പതരയ്ക്കാണ് ജിഷ്ണുവിനെ വഴിയരികിൽ അത്യാസന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
എന്നാൽ, തങ്ങൾ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും കൽപറ്റ പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിനെ വിളിപ്പിച്ചതെന്നുമായിരുന്നു നല്ലളം പൊലീസ് നൽകിയ വിശദീകരണം.