കെ സുധാകരനെതിരായ തെളിവുകളുമായി ക്രൈം ബ്രാഞ്ച് ജയിലിലേക്ക്; മോൻസൻ മാവുങ്കലിനെ ചോദ്യംചെയ്യും
|കെ സുധാകരൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് സുധാകരൻ പ്രതികരിച്ചു
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിൽ മോൻസൻ മാവുങ്കലിനെ ജയിലിൽ എത്തി ചോദ്യംചെയ്യാൻ ക്രൈം ബ്രാഞ്ചിന് അനുമതി. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുക. പോക്സോ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് മോൻസൻ മാവുങ്കൽ.
പുരാവസ്തു കേസിൽ നേരത്തെ ജാമ്യം നേടിയിരുന്നെങ്കിലും പോക്സോ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു മോൻസൻ. അതിനാൽ ചോദ്യംചെയ്യലിന് പോക്സോ കോടതിയുടെ അനുമതി ലഭിക്കേണ്ടിയിരുന്നു. തുടരന്വേഷണം നടക്കുന്നതിനാൽ കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് പോക്സോ കോടതി ഇതിന് അനുമതി നൽകിയിരുന്നത്.
രണ്ടുദിവസത്തിനകം മോൻസനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. കെ സുധാകരനെതിരെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാകും ചോദ്യംചെയ്യുക.
അതേസമയം, മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് സുധാകരൻ പ്രതികരിച്ചു. കേസിൽ 19 മാസങ്ങൾക്ക് ശേഷം പ്രതി ചേർത്തത് സംശയമുണ്ടാക്കുന്നെന്നും സുധാകരൻ പറഞ്ഞിരുന്നു.