മേയറുടെ വിവാദ കത്ത്; ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കും
|കേസെടുക്കാനുളള ശുപാര്‍ശയോടെ ക്രൈംബ്രാഞ്ച് ഇന്നലെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചിരുന്നു.
തിരുവനന്തപുരം മേയറുടെ പേരിലുള്ള വിവാദ കത്തിൽ വിവാദം ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കും. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്ത് അന്വേഷിക്കാൻ ഡി.ജി.പി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് എ.ഡി.ജിപി ഷെയ്ഖ് ദർവേഷ് സാഹിബിനാണ് നിർദേശം നൽകിയത്.
മേയറുടെ പരാതിയിലാണ് വ്യാജ രേഖ ചമയ്ക്കലിന് കേസെടുക്കുക. എന്നാൽ ഏത് യൂണിറ്റ് അന്വേഷിക്കുമെന്ന കാര്യം ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. നിലവില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനന്റെ യൂണിറ്റാണ് കേസിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയത്.
അതിനാല്‍ പ്രാഥമിക അന്വേഷണം നടത്തിയ അതേ യൂണിറ്റിനെ കൊണ്ട് തുടർന്നുള്ള അന്വേഷണം നടത്താൻ സാധ്യതയില്ലെന്നാണ് സൂചന. പകരം ക്രൈംബ്രാഞ്ചിന്റെ വഞ്ചിയൂരിലെയോ പേട്ടയിലേയോ യൂണിറ്റിനെ കൊണ്ട് അന്വേഷിപ്പിക്കാനാണ് സാധ്യത.
കേസെടുക്കാനുളള ശുപാര്‍ശയോടെ ക്രൈംബ്രാഞ്ച് ഇന്നലെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചിരുന്നു. കത്തിന്റെ ഉറവിടമോ യഥാർഥ കത്തോ കണ്ടെത്താനാവാതെയാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
അതേസമയം, കത്ത് വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിലും പ്രതിപക്ഷ പ്രതിഷേധങ്ങൾ ഉയരും. കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗം പ്രതിപക്ഷത്തിന്റെ വമ്പൻ പ്രതിഷേധത്തെ തുടർന്ന് അലങ്കോലമായിരുന്നു.
ബി.ജെ.പി കൗൺസിലർമാരുടെ അനിശ്ചിതകാല ഉപവാസ സമരവും യു.ഡി.എഫിന്റെ അനിശ്ചിതകാല സത്യാഗ്രഹസമരവും തുടരുകയാണ്. കത്ത് വിവാദം സി.ബി.ഐ അന്വേഷിക്കണം എന്ന് ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ, വിജിലൻസും പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
മേയർ രാജിവയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് യു.ഡി.എഫ് കൗൺസിലർമാരുടെ നിലപാട്. അതേസമയം സമരം ഒരുവഴിക്ക് നടക്കട്ടെ, കോർപറേഷൻ പ്രവർത്തനം തടസമില്ലാതെ നടത്തും എന്ന നിലപാടിലാണ് മേയർ.
പ്രതിപക്ഷ പ്രതിഷേധം കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ ആവർത്തിക്കുന്നു. നിയമനക്കത്ത് വിവാദത്തിൽ പ്രതിഷേധം ഭയന്ന് രാജിയില്ലെന്ന് മേയറും സി.പി.എം നേതൃത്വവും നേരത്തെ വ്യക്തമാക്കിയിരുന്നു. കത്ത് വിവാദത്തിൽ അന്വേഷണം നടക്കുകയാണ്. എല്ലാ വശങ്ങളും അന്വേഷിച്ച് കണ്ടെത്തട്ടേയെന്നും മേയർ പറഞ്ഞിരുന്നു.