അതുക്കും മേലെ 'cr7'; പുള്ളാവൂരിൽ 50 അടിപൊക്കത്തിൽ, നെഞ്ചുവിരിച്ച് ക്രിസ്റ്റ്യാനോ
|പുള്ളാവൂരിലെ ചെറുപുഴ തങ്ങളുടെ പരിധിയിലാണെന്നും ഫുട്‌ബോൾ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുക്കൾ നീക്കം ചെയ്യില്ലെന്നും കൊടുവള്ളി നഗരസഭാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്
കോഴിക്കോട്: വിവാദങ്ങൾ ഒരുവഴിക്ക്. പുള്ളാവൂരുകാരുടെ ഫുട്‌ബോൾ ആവേശം അങ്ങനെയൊന്നും ചോർന്നുപോകില്ല. മെസ്സിക്കും നെയ്മറിനും പിന്നാലെ പുള്ളാവൂർ ചെറുപുഴയേരത്ത് നെഞ്ചുവിരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കട്ടൗട്ട് ഉയർന്നു. മെസി, നെയ്മർ കട്ടൗട്ടുകൾക്കു നടുവിലാണ് അവരെക്കാൾ തലപ്പൊക്കത്തിൽ 'സിആർ7' ഉയർന്നുനിൽക്കുന്നത്.
താരയുദ്ധത്തിൽ ക്രിസ്റ്റിയാനോ ആരാധകരും ഒട്ടും പിന്നിലല്ല. ഖത്തറിൽ ലോകകപ്പിൽ പന്തുരുളുമ്പോൾ പോർച്ചുഗൽ ആരാധകരുടെ എല്ലാ കണ്ണുകളും ആ ബൂട്ടുകളിലേക്കാണ്. ക്രിസ്റ്റ്യാനോ മെസ്സിക്കും നെയ്മറിനും മീതെ ഉയർന്നുനിൽക്കണമെന്നു തന്നെയാണ് അവരുടെ മോഹം. അതുകൊണ്ടുതന്നെ, കട്ടൗട്ട് പോരിൽ ഒരുപടികൂടി കടന്നു അവർ. 50 അടിയോളം പൊക്കത്തിലാണ് ക്രിസ്റ്റ്യാനോയുടെ കട്ടൗട്ട് ഉയർത്തിയിരിക്കുന്നത്. മെസിയുടേത് 30 അടിയും നെയ്മറിന്റേത് 40 അടിയുമായിരുന്നു.
അതിനിടെ, പുള്ളാവൂർ പുഴ തങ്ങളുടെ പരിധിയിലാണെന്ന് അവകാശപ്പെട്ട് കൊടുവള്ളി നഗരസഭാ രംഗത്തെത്തിയിട്ടുണ്ട്. ഫുട്‌ബോൾ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുക്കൾ നീക്കം ചെയ്യില്ലെന്നും പരാതി ലഭിച്ചാലും നടപടിയുണ്ടാകില്ലെന്നും നഗരസഭ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, അഭിഭാഷകൻ ശ്രീജിത്ത് പെരുമനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കട്ടൗട്ടുകൾ നീക്കംചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി നിർദേശിച്ചതായി വാർത്തകളുണ്ടായിരുന്നു.
എന്നാൽ, പഞ്ചായത്ത് പ്രസിഡന്റ് ഈ നിലപാടിൽനിന്ന് പിന്നീട് പിന്മാറി. ഫാൻസ് അസോസിയേഷനുകൾക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും കട്ടൗട്ടുകൾക്കെതിരെ നടപടിയുണ്ടാകില്ലെന്നും ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ ഓലിക്കൽ അറിയിച്ചു. കട്ടൗട്ടുകൾ മാറ്റില്ലെന്ന് ആരാധകരും വ്യക്തമാക്കിയിരുന്നു. നടപടി വന്നാൽ നിയമപരമായി നീങ്ങാനും ഒരുക്കമാണെന്നും അവർ സൂചിപ്പിച്ചു.
ഖത്തർ ഫുട്‌ബോൾ ലോകകപ്പ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു നാട്ടിൽ ആരാധകരുടെ ആവേശപ്രകടനവും വാശിപ്പോരും. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലുള്ള പുള്ളാവൂരിലെ ചെറുപുഴയിൽ ഉയർന്ന കട്ടൗട്ടുകളാണ് അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടത്. അർജന്റീന ആരാധകരാണ് ആദ്യമായി ലയണൽ മെസ്സിയുടെ കട്ടൗട്ട് പുഴയിൽ സ്ഥാപിച്ചത്. 30 അടി പൊക്കമാണ് കട്ടൗട്ടിനുണ്ടായിരുന്നത്.
കട്ടൗട്ട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിനു പിന്നാലെ ബ്രസീൽ ആരാധകരും രംഗത്തെത്തി. പത്തടി കൂടി അധികം പൊക്കമുള്ള ഭീമൻ നെയ്മർ കട്ടൗട്ടാണ് ബ്രസീൽ ആരാധകർ പുഴയിൽ തൊട്ടരികെ സ്ഥാപിച്ചത്.