Kerala
നിലപാടുകൾ സംശയാസ്പദം; കാനത്തിനെതിരെ സി.പി.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിലും വിമർശനം
Kerala

'നിലപാടുകൾ സംശയാസ്പദം'; കാനത്തിനെതിരെ സി.പി.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിലും വിമർശനം

Web Desk
|
24 Aug 2022 2:20 AM GMT

'മുമ്പൊന്നും ഇല്ലാത്ത ഇടതുപക്ഷ സ്‌നേഹമാണ് ഇപ്പോഴുള്ളത്'

കോഴിക്കോട്: കാനം രാജേന്ദ്രനെതിരെ സി.പി.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ വിമർശനം. കാനത്തിന്റെ നിലപാടുകൾ സംശയാസ്പദമാണെന്ന് സമ്മേളനത്തിൽ വിമർശനം ഉയർന്നു. രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാർക്ക് വിലയില്ലെന്നും ലോകായുക്ത വിഷയത്തിൽ എടുത്ത നിലപാട് ശരിയായില്ലെന്നും ആക്ഷേപം ഉയർന്നു. മുൻ സെക്രട്ടറിമാരെപ്പോലെ പ്രവർത്തിക്കുന്നില്ലെന്നും വിമർശനം ഉയർന്നു.

ആദ്യ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് അഴിമതിക്കെതിരെയും അഴിമതി നേരിടുന്ന മന്ത്രിമാർക്കെതിരെയും ശക്തമായ നിലപാടെടുത്തിരുന്നു. തോമസ് ചാണ്ടിയുടെ വിഷയം ഉയർന്ന സമയത്തും നിലപാടെടുത്തു. അന്ന് മന്ത്രിമാരെ മന്ത്രിസഭയിൽ നിന്നും യോഗത്തിൽ മാറ്റി നിർത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് പോയിരുന്നു. എന്നാൽ അന്നൊന്നും ഇല്ലാത്ത ഇടതുപക്ഷ സ്‌നേഹമാണ് ഇപ്പോഴുള്ളതെന്നുമാണ് സമ്മേളനത്തിൽ ഉയർന്ന വിമർശനം.

ആനി രാജക്കെതിരായ പരാമർശത്തിനെതിരെയും റവന്യൂ വകുപ്പ് പൂർണ്ണമായും അഴിമതിയിൽ മുങ്ങിയെന്ന വിമർശനവും പ്രതിനിധികൾ ഉയർത്തി. മന്ത്രി ഒഴികെ മറ്റ് വകുപ്പുകളിലുള്ള മറ്റെല്ലാം തന്നെ അഴിമതിക്കാരായി എന്നതായിരുന്നു പ്രധാന വിമർശനം. ഒപ്പം കൃഷി വകുപ്പ് പൂർണ്ണ പരാജയമാണെന്ന അഭിപ്രായവും പ്രതിനിധികൾ ഉന്നയിച്ചു. കൃഷിമന്ത്രി കൃഷി വകുപ്പിനെ വിഴുങ്ങുകയാണ്. വള്ളി ചെരുപ്പിട്ട് നടന്നത് കൊണ്ടും വീട്ടുമുറ്റത്ത് ചെടികൾ വെച്ചു പിടിപ്പിച്ചത് കൊണ്ടായില്ല, ഭരിക്കാൻ അറിയണമെന്ന വിമർശനമാണ് ഉയർന്നത്.

കോഴിക്കോട് ജില്ലാ നേതൃത്വം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല. സാംസ്‌കാരിക കാര്യങ്ങളിൽ മാത്രമാണ് ജില്ലാ നേതൃത്വത്തിന് താല്പര്യമെന്നതടക്കമുള്ള വിമർശനവും പ്രതിനിധികള്‍ ഉന്നയിച്ചു. ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും.

Similar Posts