ശ്രേയാംസ്‌കുമാറിന് പാർട്ടി യോഗത്തിൽ രൂക്ഷവിമർശനം; രാജിഭീഷണി മുഴക്കി മുതിര്‍ന്ന നേതാക്കള്‍
|പാർട്ടി പരാജയത്തിനു കാരണം സംസ്ഥാന അധ്യക്ഷനെന്ന് കുറ്റപ്പെടുത്തൽ
ലോക് താന്ത്രിക് ജനതാദൾ(എൽജെഡി) സംസ്ഥാന പ്രസിഡന്റും കൽപറ്റ നിയോജക മണ്ഡലം പ്രസിഡന്റുമായ എംവി ശ്രേയാംസ്‌കുമാറിന് പാർട്ടി യോഗത്തിൽ രൂക്ഷവിമർശനം. പാർട്ടിയുടെ പരാജയത്തിനു കാരണം ശ്രേയാംസാണെന്നാണ് കുറ്റപ്പെടുത്തൽ.
പാർട്ടി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലാണ് ശ്രേയാംസ്‌കുമാറിനെതിരെ വിമർശനമുയർന്നത്. എൽജെഡിക്ക് തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകൾ മാത്രം ലഭിക്കാൻ കാരണം സംസ്ഥാന അധ്യക്ഷനാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ പാർട്ടിയെ ഏകോപിപ്പിക്കുകയായിരുന്നു ശ്രേയാംസ്‌കുമാർ വേണ്ടിയിരുന്നതെന്നുമാണ് യോഗത്തിലെ പ്രധാന വിമർശനം. മുതിർന്ന നേതാക്കളായ ചാരുപാറ രവി, ഷേക്ക് പി ഹാരിസ്, വി സുരേന്ദ്രൻ പിള്ള എന്നിവർ രാജിസന്നദ്ധത അറിയിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
ഇത്തവണ ഇടതുതരംഗമുണ്ടായിട്ടും എൽജെഡിക്ക് നേട്ടമുണ്ടാക്കാനായിരുന്നില്ല. യുഡിഎഫ് മുന്നണി വിട്ടെത്തിയ പാർട്ടിക്ക് എൽഡിഎഫ് മൂന്നു സീറ്റുകൾ അനുവദിച്ചെങ്കിലും ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. കൂത്തുപറമ്പിൽ മുൻ മന്ത്രി കെപി മോഹനനാണ് എൽജെഡിയിൽ വിജയിച്ച ഒരേയൊരാൾ.
കൽപറ്റയിൽ സ്വന്തം തട്ടകത്തിൽ ജനവിധി തേടിയ ശ്രേയാംസ്‌കുമാർ 6,500ഓളം വോട്ടുകൾക്കാണ് കോൺഗ്രസിന്റെ ടി സിദ്ദീഖിനോട് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ എൽഡിഎഫ് 13,083 വോട്ടിനു വിജയിച്ച മണ്ഡലം കൂടിയാണിത്. ജനതാദളിന്റെ ശക്തികേന്ദ്രമായി കരുതപ്പെട്ടിരുന്ന വടകരയിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഏഴായിരത്തിലേറെ വോട്ടുകൾക്ക് കെകെ രമയോട് പരാജയപ്പെടുകയും ചെയ്തു.