മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: സുരേന്ദ്രനടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർക്കാത്തതിൽ വിമർശനം
|ബി.ജെ.പി- സി.പി.എം ബന്ധത്തിന്റെ തെളിവാണ് പ്രോസിക്യൂഷന്റെ നിലപാടിലൂടെ വ്യക്തമാവുന്നതെന്ന വിമർശനവുമായി കോൺഗ്രസ്
കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കോടതിയിൽ എതിർക്കാത്തതിൽ വിമർശനം ശക്തം.
ബി.ജെ.പി- സി.പി.എം ബന്ധത്തിന്റെ തെളിവാണ് പ്രോസിക്യൂഷന്റെ നിലപാടിലൂടെ വ്യക്തമാവുന്നതെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പടെയുള്ള ആറ് പ്രതികൾക്കും കാസർകോട് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
കേസിൽ നൽകിയ വിടുതൽ ഹർജി പരിഗണിക്കുന്നതിന് നേരിട്ട് ഹാജരാവണമെന്ന നിർദേശത്തെ തുടർന്ന് കെ.സുരേന്ദ്രൻ ഉൾപ്പടെയുള്ള പ്രതികൾ കോടതിയിൽ എത്തിയിരുന്നു. പ്രതികൾ സമർപ്പിച്ച ജാമ്യ ഹരജി പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ എതിർത്തില്ല. ഇതോടെ കോടതി മുഴുവൻ പ്രതികൾക്കും ജാമ്യം അനുവദിച്ചു.
ജാമ്യം നൽകുന്നതിനെ എതിർക്കാതിരുന്നതിൽ സാങ്കേത കാരണങ്ങളാണ് പ്രോസിക്യൂട്ടർ പറഞ്ഞത്. എന്നാല്‍ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന് എതിര്‍ക്കാതിരുന്നത് ബി.ജെ.പി- സി.പി.എം ബന്ധത്തിന്റെ തെളിവാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് വന്നു. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ പ്രതികൾ നൽകിയ വിടുതൽ ഹർജി അടുത്ത മാസം 15ന് കോടതി പരിഗണിക്കും പരിഗണിക്കും.