സിപിഎം സംസ്ഥാന പ്രവർത്തന റിപ്പോർട്ടിൽ മന്ത്രിമാർക്കും സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും വിമർശനം
|ഇ.പി.ജയരാജനെ സൂചിപ്പിച്ച് ചിലർ കമ്മിറ്റിയിൽ പങ്കെടുത്തു നാട്ടിലേക്ക് മടങ്ങുന്ന രീതിയാണ് കാണുന്നതെന്നും പറഞ്ഞു
സിപിഎം സംസ്ഥാന പ്രവർത്തന റിപ്പോർട്ടിൽ മന്ത്രിമാർക്കും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും വിമർശനം. തിരുവനന്തപുരത്തുണ്ടെങ്കിലും അവയ്‌ലബിൾ സെക്രട്ടേറിയറ്റിൽ കൃത്യമായി പങ്കെടുക്കുന്നില്ലെന്ന വിമർശനമാണ് അംഗങ്ങളായ മന്ത്രിമാർക്കെതിരെ ഉന്നയിച്ചത്. ഇവർ ഇനി മുതൽ യോഗത്തിനെത്തണമെന്ന് റിപ്പോർട്ടിൽ നിർദേശിച്ചു. കെഎൻ ബാലഗോപാൽ, പി രാജീവ്, കെ രാധാകൃഷ്ണൻ എന്നീ മന്ത്രിമാർ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്.
സെക്രട്ടേറിയേറ്റ് പൊതുവിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും ചില അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നില്ലെന്നും പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന തീരുമാനം ലംഘിച്ചുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തി. ഇ.പി.ജയരാജനെ സൂചിപ്പിച്ച് ചിലർ കമ്മിറ്റിയിൽ പങ്കെടുത്തു നാട്ടിലേക്ക് മടങ്ങുന്ന രീതിയാണ് കാണുന്നതെന്നും പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങൾ മൂലം സജീവത പ്രകടിപ്പിക്കാത്ത നേതാക്കളെപറ്റിയും റിപ്പോർട്ടിൽ പരാമർശിച്ചു.
എറണാകുളം ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചു. എറണാകുളം ജില്ലാ സമ്മേളനം സമ്മേളനങ്ങളുടെ ശോഭ കെടുത്തിയെന്നും പാർട്ടി ജില്ലാ കമ്മറ്റി അംഗം പരസ്യവിമർശനവുമായി ഇറങ്ങിപ്പോയത് ഒഴിവാക്കണമായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ നടപടി മയപ്പെടുത്തിയെന്നും പക്ഷപാതിത്വം കാട്ടിയാണ് നടപടികൾ തീരുമാനിച്ചതെന്നും ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറി സി.എൻ. മോഹനന് വിമർശനം നേരിടേണ്ടിവന്നു. ശരിയായ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം ഇടപെടേണ്ടി വന്നുവെന്നും സിപിഎം സംസ്ഥാന പ്രവർത്തന റിപ്പോർട്ടിൽ പറഞ്ഞു.
മുൻ മന്ത്രി ജി സുധാകരനെതിരായ നടപടി സംഘടനാ റിപ്പോർട്ടിന്റെ ഭാഗമാക്കി. സുധാകരന്റെ തെറ്റ് പാർട്ടി തിരുത്തിയെന്നും പ്രവർത്തന പാരമ്പര്യവും പാർട്ടിക്കു നൽകിയ സേവനവും പരിഗണിച്ചാണ് ഈ തിരുത്തലെന്നും റിപ്പോർട്ടിൽ പരാമർശിച്ചു. പാലക്കാട്ടും ആലപ്പുഴയും കടുത്ത വിഭാഗീയതയുണ്ടെന്നും സമ്മേളനങ്ങളിൽ വിഭാഗീയ നീക്കങ്ങൾ ഉണ്ടായെന്നും ഏരിയാ തലത്തിലാണ് വിഭാഗീയത ശക്തമെന്നും പറഞ്ഞു. ഇതിനെതിരെ സംഘടനാ നടപടി ഉണ്ടാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.
Criticism of ministers and members of the state secretariat, including EP Jayarajan, in the CPM state activity report