Kerala
teacher
Kerala

പാഠഭാഗങ്ങളെ ഉൽപന്നങ്ങളായി മാത്രം കാണുന്നു; ഖാദർ കമ്മിറ്റി റിപ്പോർട്ടില്‍ അധ്യാപകര്‍ക്ക് വിമര്‍ശനം

Web Desk
|
6 Aug 2024 2:49 AM GMT

അധ്യാപകനിയമനത്തിന് അഭിരുചി മാത്രം പരിഗണിക്കാതെ കഴിവും ശേഷിയും കൂടി മാനദണ്ഡം ആക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്

തിരുവനന്തപുരം: സ്കൂളുകളിൽ പിന്തുടരുന്ന അധ്യാപന രീതികൾ പൊളിച്ചെഴുതണമെന്ന നിർദേശവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്. അധ്യാപകർ പാഠഭാഗങ്ങളെ ഉൽപന്നങ്ങൾ ആയി മാത്രം കണ്ട് അത് ലഭ്യമാക്കാനുള്ള എളുപ്പവഴി തേടുന്നു എന്നാണ് റിപ്പോർട്ടിലെ വിമർശനം. അധ്യാപകനിയമനത്തിന് അഭിരുചി മാത്രം പരിഗണിക്കാതെ കഴിവും ശേഷിയും കൂടി മാനദണ്ഡം ആക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.

അക്കാദമിക മേഖലയിൽ വരുത്തേണ്ട പരിഷ്കാരങ്ങൾ അടങ്ങിയ ഖാദർ കമ്മിറ്റി റിപ്പോർട്ടിൻ്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അംഗീകരിച്ചത്. സ്കൂൾ സമയ മാറ്റം, 8 മുതൽ 12 വരെ ക്ലാസുകൾ ഒറ്റ യൂണിറ്റ് ആയി കണക്കാക്കുക തുടങ്ങി നിരവധി നിർദേശങ്ങൾ റിപ്പോർട്ടിൽ ഉണ്ട്. അധ്യാപന രീതികളിലും ഇടപെടലുകളിലും വരുത്തേണ്ട മാറ്റങ്ങൾ ഒരു പ്രധാന ഘടകമായി തന്നെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ രണ്ടാം തലമുറ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിന് അധ്യാപകരെ സജ്ജമാക്കുക എന്നതാണ് പ്രധാന നിർദേശം. പാഠ്യ പദ്ധതി മാറുന്നത് അനുസരിച്ച് അധ്യാപകർ മാറുന്നില്ല എന്ന് റിപ്പോർട്ട് വിമർഹിക്കുന്നു. പാഠഭാഗങ്ങൾ മാത്രം പഠിപ്പിച്ച് മുന്നോട്ടുപോകുന്ന രീതി പൊതുവിൽ കാണപ്പെടുന്നു. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളിലും സിലബസിലും കാലക്രമേണ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ അധ്യാപകരിൽ അത് ഉണ്ടാകുന്നില്ല എന്നും റിപ്പോർട്ടിൽ ഉണ്ട്.

കാലഘട്ടത്തിന് അനുസരിച്ചുള്ള ഉയർച്ച അധ്യാപകരുടെ അറിവിലും ശൈലിയിലും കൊണ്ടുവരണം. അധ്യാപകരുടെ യോഗ്യതയുടെ കാര്യത്തിലും മാറ്റം ആവശ്യമായുണ്ട്. സെക്കണ്ടറി ക്ലാസുകളിൽ നിയമനത്തിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത ബിരുദാനന്തര ബിരുദം ആക്കണം. ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപും ശേഷവുമുള്ള പരിശീലനപ്രവർത്തനങ്ങൾ പൂർണമായും പരിഷ്‌കരിക്കണം. ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിൽ അധ്യാപകരെ സജ്ജമാക്കണം. നിയമനപ്രക്രിയക്കായി റിക്രൂട്ടിങ് ബോർഡ് പോലെയുള്ള സുതാര്യമായ സംവിധാനം ഏർപ്പെടുത്തണമെന്നും കമ്മിറ്റി ശിപാർശ ചെയ്യുന്നു.

Similar Posts