വസ്ത്രങ്ങളും ഹെഡ്ഫോണും വരെ കൊണ്ടുപോകുന്നു; കാക്കകളെ കൊണ്ട് പൊറുതിമുട്ടി ഒരു കുടുംബം
|മലപ്പുറം പോരൂർ പള്ളിക്കുന്ന് കിഴക്കുവീട്ടിൽ ശ്രീധരനും കുടുംബവുമാണ് കാക്കകളുടെ ആക്രമണത്തിൽ ബുദ്ധിമുട്ടിലായത്.
മലപ്പുറം: കാക്കയെ കുറിച്ച് ചോദിച്ചാൽ ഒരു പാവം പക്ഷി എന്നായിരുക്കും പലരും പറയുക. മലപ്പുറം പോരൂർ പള്ളിക്കുന്ന് കിഴക്കുവീട്ടിൽ ശ്രീധരനും കുടുംബത്തിനും ഇങ്ങനെയൊരു അഭിപ്രായമില്ല. കഴിഞ്ഞ ഒരു മാസമായി കാക്കകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഈ കുടുംബം. വസ്ത്രങ്ങളും ഫോണും മുതൽ വലിയ ബാഗ് വരെ കാക്കകൾ എടുത്തുകൊണ്ടുപോവുകയാണ്.
ഒന്നര മാസം മുമ്പ് ശ്രീധരന്റെ വീട്ടിലെ കോഴിക്കൂട്ടിൽ കാക്ക കുഞ്ഞും രണ്ട് കാക്കകളും കയറിയിരുന്നു. ആളെക്കണ്ട് കാക്കകൾ പോയപ്പോൾ ശ്രീധരൻ കുഞ്ഞിനെയെടുത്ത് പുറത്തുവെച്ചുകൊടുത്തു. അത് പറന്നുപോവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കാക്കകൾ തുടർച്ചയായ ആക്രമണം തുടങ്ങിയത്.
രണ്ട് കാക്കകളാണ് പ്രധാനമായും വരുന്നത്. ഇവ പിന്നീട് മറ്റു കാക്കകളെ വിളിച്ചുവരുത്തും. കണ്ണട, വസ്ത്രങ്ങൾ, ഫോൺ ചാർജർ, ഹെഡ്ഫോൺ തുടങ്ങി കിട്ടുന്നതെല്ലാം കാക്കകൾ കൊണ്ടുപോവുകയാണ്. എടുത്തുകൊണ്ടുപോവാൻ കഴിയാത്ത വസ്ത്രങ്ങളും മഴക്കോട്ടുമെല്ലാം കൊത്തിക്കീറി നശിപ്പിച്ചു. എയർ ഹോളിലൂടെ അടക്കം കാക്കകൾ ആക്രമണം കടുപ്പിച്ചതോടെ പ്രതിരോധിക്കാൻ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഈ കുടുംബം.