മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം; ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി
|ചൊവ്വാഴ്ചക്കകം സർക്കാർ വിശദീകരണം നൽകണമെന്ന് കോടതി നിര്‍ദേശിച്ചു.
മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. കോവിഡ് കാലത്ത് ഇത്തരം ആൾകൂട്ടമുണ്ടാകുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഫോട്ടോകളും വീഡിയോയും പരിശോധിച്ചാണ് കോടതി ഇടപെടൽ.
വിഷയത്തില്‍ ചൊവ്വാഴ്ചക്കകം സർക്കാർ വിശദീകരണം നൽകണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, ബവ്റിജസ് ഔട്ട്ലെറ്റുകളിൽ സാമൂഹ്യ അകലം പാലിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കുമെന്നും സർക്കാർ ഉറപ്പുനല്‍കി.
തൃശ്ശൂർ കുറുപ്പം റോഡിലെ ബെവ്കോ ഔട്ട്ലെറ്റിലെ തിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ എക്സസൈസ് കമ്മീഷണർ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചു. ഇത് ഒഴിവാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഫിസിക്കൽ സിറ്റിങ്ങായിരുന്നെങ്കിൽ ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിക്കുമായിരുന്നുവെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയത്.