Kerala
CRPF_Rajbhavan
Kerala

ആദ്യ സിആർപിഎഫ് സംഘം രാജ്ഭവനിൽ; ഗവർണറുടെ സുരക്ഷ ഏറ്റെടുത്ത് കേന്ദ്രസേന

Web Desk
|
27 Jan 2024 11:40 AM GMT

30 പേരടങ്ങുന്ന സിആർപിഎഫ് സംഘമാണ് രാജ്ഭവനിൽ എത്തിയിരിക്കുന്നത്

തിരുവനന്തപുരം: ഗവർണർക്ക് സുരക്ഷയൊരുക്കാൻ ആദ്യ സിആർപിഎഫ് സംഘം രാജ്ഭവനിൽ എത്തി. 30 പേരടങ്ങുന്ന സംഘമാണ് രാജ്ഭവനിൽ എത്തിയിരിക്കുന്നത്. അതിനിടെ ഗവർണർക്കെതിരെ തിരുവനന്തപുരത്തും എസ്.എഫ്.ഐ പ്രതിഷേധം. സംഭാരവുമായി പ്രതിഷേധിക്കാൻ നിന്ന SFI പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗവർണർ തൈക്കാടെത്തിയതോടെ കൂടുതൽ പ്രവർത്തകർ കരിങ്കൊടിയുമായെത്തി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദർശ് അടക്കമുള്ളവരെ അറസ്റ്റുചെയ്തു നീക്കി. തൈക്കാട് ഗസ്റ്റ് ഹൗസിന് മുന്നിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്.

കൊല്ലം നിലമേലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയെ വിളിച്ച് ഗവർണർ പരാതി പറഞ്ഞിരുന്നു. തുടർന്നാണ് കേന്ദ്ര സർക്കാർ ഇടപെട്ട് Z പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഗവർണറെ ഫോണിൽ വിളിച്ച് ഇന്നത്തെ സംഭവങ്ങളെ കുറിച്ച് അന്വേഷിച്ചിരുന്നു. ഉപരാഷ്ട്രപതിയും ആഭ്യന്തര മന്ത്രിയും ഗവർണറെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്നാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനമായത്.

നിലവിൽ കേരള പൊലീസാണ് ഗവർണർക്ക് സുരക്ഷയൊരുക്കുന്നത്. Z പ്ലസ് കാറ്റഗറിയിലേക്ക് മാറ്റിയതോടെ 55 അംഗ സുരക്ഷാ സേനയാകും ഗവർണറുടെ സുരക്ഷാ ചുമതല വഹിക്കുക. പത്തിലേറെ കമാൻഡോകളും ഇതിൽ ഉൾപ്പെടുന്നു. അഞ്ചിലേറെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ അടങ്ങിയ വാഹനവ്യൂഹവും ഗവർണറെ അനുഗമിക്കും.

Similar Posts