സി.പി.എം സെമിനാറിൽ പങ്കെടുക്കുമോ?; ലീഗിന്റെ നിർണായക യോഗം നാളെ
|ലീഗിനെ സി.പി.എം സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസിനെ ഒഴിവാക്കിയാണ് ലീഗിനെ ക്ഷണിച്ചത്.
കോഴിക്കോട്: ഏക സിവിൽകോഡുമായി ബന്ധപ്പെട്ട് സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിൽ ലീഗ് തീരുമാനം നാളെ. രാവിലെ 9.30ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേരുന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക.
ലീഗിനെ സി.പി.എം സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസിനെ ഒഴിവാക്കിയാണ് ലീഗിനെ സി.പി.എം ക്ഷണിച്ചത്. ഏക സിവിൽകോഡ് വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ലെന്ന വിമർശനവും സി.പി.എം ഉയർത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ലീഗ് എന്ത് തീരുമാനമെടുക്കും എന്നതിന് വലിയ രാഷ്ട്രീയപ്രാധാന്യമുണ്ട്.
സി.പി.എമ്മുമായി സഹകരിക്കുന്നത് സംബന്ധിച്ച് ലീഗിൽ രണ്ട് അഭിപ്രായമുണ്ട്. എം.കെ മുനീർ, കെ.എം ഷാജി, ഇ.ടി മുഹമ്മദ് ബഷീർ തുടങ്ങിയവർ സി.പി.എം നിലപാട് വിശ്വസനീയമല്ലെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പി.കെ കുഞ്ഞാലിക്കുട്ടി സി.പി.എം നിലപാടിനെ തള്ളാൻ തയ്യാറായിരുന്നില്ല. എല്ലാവരും ഒരുമിച്ചാണ് ഏക സിവിൽകോഡിനെതിരെ പോരാടേണ്ടത് എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്.
അതിനിടെ സി.പി.എം സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത വ്യക്തമാക്കിയിരുന്നു. പൗരത്വനിയമത്തിന്റെ കാലത്ത് ചെയ്തതുപൊലെ എല്ലാവരുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ പറഞ്ഞു. കോൺഗ്രസുമായും ലീഗുമായും സഹകരിക്കും. ഏക സിവിൽകോഡ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സമസ്ത നിവേദനം നൽകുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞിരുന്നു.