ക്രൂഡോയില്‍ വില ഏറ്റവും കുറഞ്ഞ നിലയില്‍; കൊള്ളലാഭം കൊയ്ത് എണ്ണക്കമ്പനികൾ
|ജൂലൈ അഞ്ചിന് ക്രൂഡോയിലിന് 77.16 ഡോളർ വിലയുള്ളപ്പോൾ നൽകിയ അതേ വിലയിലാണ് ഇന്നും ജനം പെട്രോളും ഡീസലും നിറക്കുന്നത്.
രാജ്യാന്തര വിപണിയില്‍ നാലുമാസത്തെ കുറഞ്ഞ നിലയിലേക്ക് ക്രൂഡോയില്‍ വില കൂപ്പുകുത്തിയിട്ടും ആഭ്യന്തര വിപണിയില്‍ വില കുറയ്ക്കാതെ എണ്ണ കമ്പനികള്‍. ബ്രൻറ് ക്രൂഡോയിൽ തിങ്കളാഴ്ച ബാരലിന് 67.77 ഡോളർ നിരക്കിലാണ്. ജൂലൈ അഞ്ചിന് ക്രൂഡോയിലിന് 77.16 ഡോളർ വിലയുള്ളപ്പോൾ നൽകിയ അതേ വിലയിലാണ് ഇന്നും ജനം പെട്രോളും ഡീസലും നിറക്കുന്നത്.
രാജ്യാന്തര വിപണിയില്‍ നേരിയ വില വര്‍ധനപോലും അപ്പോള്‍ തന്നെ ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്ന എണ്ണ കമ്പനികള്‍ ഇപ്പോഴുണ്ടായ വിലയിടിവ് കണ്ട മട്ടില്ല. കഴിഞ്ഞ ജൂലൈ 17നാണ് അവസാനമായി ഇന്ധനവില കൂട്ടിയത്. പെട്രോളിന് 30 പൈസയായിരുന്നു ഒറ്റയടിക്ക് കൂടിയത്.
കോവിഡ് ഡെൽറ്റ വകഭേദം പടരുന്നതിനാൽ ചൈനയിൽ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ക്രൂഡോയിൽ വില ഇടിഞ്ഞത്. വേനൽ അവധിയുടെ യാത്രനാളുകൾ എത്തിയിരിക്കെയാണ് നിയന്ത്രണം. ഇതോടെ ലോകത്ത് ഇന്ധന ഉപഭോഗത്തിൽ കാര്യമായ കുറവുവരുമെന്ന ആശങ്ക പടർന്നതോടെ തിങ്കളാഴ്ച ബ്രൻറ് ക്രൂഡോയിലിന് മൂന്നുശതമാനം വിലത്തകർച്ച സംഭവിച്ചു. കേരളത്തിൽ നിലവിൽ പെട്രോളിന് 103.82 രൂപയും ഡീസലിന് 96.47 രൂപയുമാണ്.
അന്താരാഷ്ട്ര ക്രൂഡോയിൽ വിലയിലെ 15 ദിവസത്തെ ശരാശരി വിലയും ഡോളർ വിനിമയനിരക്കും അളവുകോലാക്കിയാണ് രാജ്യത്ത് ഇന്ധനവില നിശ്ചയിക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലായി രാജ്യത്ത് പെട്രോൾ, ഡീസല്‍ ഉപഭോഗം വർധിക്കുകയാണ്. ജൂണിൽ 24.09 ലക്ഷം മെട്രിക് ടണ്ണാണ് പെട്രോള്‍ ഉപഭോഗം. ഡീസൽ 62.03 ലക്ഷം മെട്രിക് ടണ്ണും.
ഇന്ധന വിലവർധനയിലൂടെ പൊതു, സ്വകാര്യ മേഖലയിലെ എണ്ണക്കമ്പനികൾ ഈ സാമ്പത്തിക വർഷം ഇതുവരെ വൻലാഭം നേടിയെന്ന് പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്‍ (പി.പി.എ.സി) റിപ്പോർട്ട് ചെയ്തിരുന്നു. പൊതുമേഖല എണ്ണക്കമ്പനികളുടെ നികുതിയേതര ലാഭം ഇക്കാലത്ത് 51,542 കോടിയായി. സ്വകാര്യ മേഖലയിലെ റിലയൻസിന് 31,944 കോടിയും. നികുതികളിലൂടെ മൊത്തം 6.71 ലക്ഷം കോടിയാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് ലഭിച്ച വരുമാനം.