മലമൂത്ര വിസർജനം നടത്തി വീട്ടിൽ ദുർഗന്ധമുണ്ടാക്കുന്നു; ഭിന്നശേഷിക്കാരനായ പതിനെട്ടുകാരനോട് മാതാപിതാക്കളുടെ ക്രൂരത
|വൃത്തി ഹീനമായ സാഹചര്യത്തിൽ നിന്ന് കുട്ടിയെ പഞ്ചായത്ത് അധികൃതരും പോലീസും ചേർന്ന് മോചിപ്പിച്ചു
ഇടുക്കി: തൊടുപുഴ മേത്തൊട്ടിയിൽ ഭിന്നശേഷിക്കാരനായ പതിനെട്ടുകാരനോട് മാതാപിതാക്കളുടെ ക്രൂരത. വീടിന് പുറത്തെ വൃത്തിഹീനമായ ഷെഡിൽ മാതാപിതാക്കൾ കുട്ടിയെ പാർപ്പിക്കുകയും ധരിക്കാൻ വസ്ത്രം പോലും നൽകാതിരിക്കുകയും ചെയ്തു. വൃത്തി ഹീനമായ സാഹചര്യത്തിൽ നിന്ന് കുട്ടിയെ പഞ്ചായത്ത് അധികൃതരും പോലീസും ചേർന്ന് മോചിപ്പിച്ചു. ഓട്ടിസം ബാധിച്ച കുട്ടിയെ മലമൂത്ര വിസർജനം നടത്തി വീട്ടിൽ ദുർഗന്ധമുണ്ടാക്കുന്നു എന്നാരോപിച്ചാണ് മാതാപിതാൾ വീടിന് പുറത്തെ ഷെഡിൽ പൂട്ടിയിട്ടത്.
മാതാപിതാക്കൾ തൊടുപുഴയിലേക്ക് പോയ സാഹചര്യത്തിൽ അയൽപക്കത്തുള്ളവർ വീടിന് പുറത്ത് കുട്ടി കിടക്കുന്നത് കാണുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പാലിയേറ്റീവ് കെയർ അധികൃതർ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ ഇത്തരത്തിൽ കണ്ടെത്തിയത്. പീന്നീട് പാലിയേറ്റീവ് അധികൃതർ പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് എത്തിയ അധികൃതർ ഉടൻ തന്നെ മാതാപിതാക്കളെ വിളിച്ചു വരുത്തുകയായിരുന്നു. അധികൃതർ കുട്ടിയെ വസ്ത്രം ധരിപ്പിച്ച് ഭക്ഷണം നൽകി ആശുപത്രിയിലെത്തിച്ചു. ഈ കുട്ടിയെ കൊണ്ട് പുറത്തു പോകാനോ കുട്ടിയെ ആരെയെങ്കിലും ഏൽപ്പിച്ച് പോകാനോ സാധിക്കാത്തത് കൊണ്ടാണ് വീടിന് പുറത്തെ ഷെഡിൽ പൂട്ടിയിടുന്ന അവസ്ഥയിലെത്തിയതെന്നാണ് മാതാപിതാക്കളുടെ വാദം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയെ മറ്റൊരിടത്ത് സുരക്ഷിതമായി പാർപ്പിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും അതിന് പഞ്ചായത്ത് മുൻകൈ എടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു പറഞ്ഞു.