ആവർത്തിക്കുന്ന സംഘ്പരിവാർ അതിക്രമങ്ങൾക്കെതിരെ മുസ്‌ലിം സമുദായത്തിനൊപ്പം നിൽക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല: സി.ടി സുഹൈബ്
|ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ കഴിഞ്ഞ ദിവസം ഗോരക്ഷാ ഗുണ്ടകൾ രണ്ട് മുസ്‌ലിം യുവാക്കളെ അടിച്ചുകൊന്നിരുന്നു.
കോഴിക്കോട്: മുസ്‌ലിംകൾക്കെതിരായ സംഘ്പരിവാർ അതിക്രമങ്ങളിൽ സമുദായത്തിനൊപ്പം നിൽക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്.
ഇരകളാക്കപ്പെടുന്ന മുസ്ലിം കമ്യൂണിറ്റിക്കൊപ്പം പരസ്യമായി നിലകൊള്ളാനോ അവരെ അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാനോ നിലവിൽ രൂപപെട്ട് വന്ന ശക്തമായ പ്രതിപക്ഷമെന്ന് വിശേഷിപ്പിക്കപെടുന്ന നിരയിൽ നിന്നുള്ള ഒരു നേതാവിന് പോലും കഴിയുന്നില്ലെന്നത് തന്നെയാണ് സംഘ്പരിവാർ വിരുദ്ധ പോരാട്ടത്തിന്റെ ഏറ്റവും വലിയ പരിമിതിയെന്നും സുഹൈബ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു
സുഹൈബിന്റെ കുറിപ്പിന്റെ പൂർണരൂപം:
സംഘ്പരിവാറിന്റെ ഹിന്ദുത്വ അജണ്ടകൾക്കെതിരായ വിധിയെഴുത്താണ് പാർലമെൻറ് തെരെഞ്ഞെടുപ്പ് റിസൽറ്റ് എന്ന വിലയിരുത്തലുകൾ സജീവമായി നിലനിൽക്കുമ്പോഴാണ് റായ്പൂരിൽ രണ്ട് മുസ്‌ലിംകളെ ഗോസംരക്ഷണത്തിന്റെ പേരിൽ ക്രൂരമായി അടിച്ച് കൊല്ലുന്നത്. തെരെഞ്ഞെടുപ്പിലെ വിജയ പരാജയങ്ങൾക്കപ്പുറത്ത് സമൂഹത്തിലെ വ്യത്യസ്ത അടരുകളിൽ നിലനിൽക്കുന്ന മുസ്‌ലിം വിരുദ്ധ വംശീയ ബോധത്തെ തിരുത്താതെ ഹിന്ദുത്വ ഫാഷിസത്തെ ചെറുക്കാനാകില്ല എന്നതാണ് യാഥാർത്ഥ്യം.
ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യാമുന്നണി ഒരുമിച്ച് നിന്ന് പരിശ്രമിച്ചതിന്റെ തുടർച്ചയായി മുസ്ലിം വിരുദ്ധ വയലൻസിനെ ചെറുക്കാൻ അവർക്കാകേണ്ടതുണ്ട്. നിർഭാഗ്യവശാൽ ആവർത്തിക്കപ്പെടുന്ന സംഘ്പരിവാർ അതിക്രമങ്ങൾക്കെതിരെ ഒരു പ്രസ്താവന കൊണ്ട് പോലും എതിർപ്പ് പ്രകടിപ്പിക്കാനോ ഇരകളാക്കപ്പെടുന്ന മുസ്ലിം കമ്യൂണിറ്റിക്കൊപ്പം പരസ്യമായി നിലകൊള്ളാനോ അവരെ അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാനോ നിലവിൽ രൂപപെട്ട് വന്ന ശക്തമായ പ്രതിപക്ഷമെന്ന് വിശേഷിപ്പിക്കപെടുന്ന നിരയിൽ നിന്നുള്ള ഒരു നേതാവിന് പോലും കഴിയുന്നില്ലെന്നത് തന്നെയാണ് സംഘ്പരിവാർ വിരുദ്ധ പോരാട്ടത്തിന്റെ ഏറ്റവും വലിയ പരിമിതിയും.
ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ കഴിഞ്ഞ ദിവസം ഗോരക്ഷാ ഗുണ്ടകൾ രണ്ട് മുസ് ലിം യുവാക്കളെ അടിച്ചുകൊന്നിരുന്നു.