പാലക്കാട് ജില്ലയിൽ ഏപ്രിൽ 28 വരെ നിരോധനാജ്ഞ നീട്ടി
|നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു
പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളെ തുടർന്ന് പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഈ മാസം 28 വരെ നീട്ടി. നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ആർ.എസ്.എസ് - പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കൊലപാതകത്തെ തുടർന്നാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നേരത്തെ നാലു ദിവസം കൂടി നിരോധനാജ്ഞ നീട്ടിയിരുന്നു. പിന്‍വലിക്കാവുന്ന സാഹചര്യം ജില്ലയില്‍ എത്തിയിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്ന് നീട്ടിയിരുന്നത്.
അതേസമയം, ശ്രീനിവാസൻ വധക്കേസിലെ പ്രധാന പ്രതികൾ കേരളം വിട്ടു പോയിട്ടില്ലെന്ന് ഐ.ജി അശോക് യാദവ് ഇന്ന് പറഞ്ഞിരുന്നു. പ്രതികളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ 7 പേരെയാണ് അറസ്റ്റ് ചെയ്തത്.കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ ഉൾപ്പെടയുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്.കേസിൽ ഇന്നലെ മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയിൽ പങ്കെടുത്തവരും പതികളെ സഹായിച്ചവരുമാണ് അറസ്റ്റിലായത്. ഗൂഢാലോചനയിൽ പങ്കെടുത്ത അഷ്ഫാക്ക് , അഷറഫ് എന്നിവരാണ് അറസ്റ്റിലായത്. ശങ്കുവാരതോട്ടിലെ പള്ളി ഇമാം സദ്ദാം ഹുസൈനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളിൽ ഒരാളെ ഒളിവിൽ താമസിക്കാൻ ശ്രമിച്ചതിനും, കൊലപാതകത്തിൽ പങ്കെടുത്ത പ്രതിയുടെ ഫോൺ സൂക്ഷിച്ചതിനുമാണ് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്. സുബൈർ വധക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും ഐ.ജി.പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. രമേശ്, ശരവണൻ, അറുമുഖൻ എന്നിവരെ ചിറ്റൂർ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. രാഷ്ട്രീയ കൊലപാതകമാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതികാരം തീർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
curfew extended till April 28 in Palakkad district