പാഠ്യപദ്ധതി പരിഷ്കരണം: തെറ്റിദ്ധാരണ പരത്തുന്നവർക്കെതിരെ നിയമനടപടി പരിഗണനയിലെന്ന് വി. ശിവൻകുട്ടി
|പാഠ്യപദ്ധതി പരിഷ്കരണത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും സുതാര്യമായി തന്നെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങൾ നടത്തുന്ന വ്യക്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി നടത്തിയ പരാമർശങ്ങളോട് മുസ്ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണം. ആടിനെ പട്ടിയാക്കി പിന്നീട് പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന പ്രയോഗത്തിനാണ് ലീഗ് നേതാവ് ശ്രമിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണ കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കുട്ടികളെ ഒരുമിച്ചിരുത്തി സ്വയംഭോഗവും സ്വവർഗരതിയുമാണെന്നുമായിരുന്നു രണ്ടത്താണിയുടെ പ്രസ്താവന. കണ്ണൂരിൽ യു.ഡി.എഫ് നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു രണ്ടത്താണിയുടെ പ്രസംഗം.