Kerala
കുസാറ്റ് അപകടം: മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു, മൂന്ന് പേർ വിദ്യാർഥികൾ
Kerala

കുസാറ്റ് അപകടം: മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു, മൂന്ന് പേർ വിദ്യാർഥികൾ

Web Desk
|
25 Nov 2023 5:30 PM GMT

കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റൂഫ്ത, താമരശ്ശേരി സ്വദേശിനി സാറാ തോമസ്, പാലക്കാട് സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്.

കൊച്ചി: കളമശ്ശേരി കുസാറ്റിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ മരിച്ച നാലു വിദ്യാർഥികളെയും തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റൂഫ്ത, താമരശ്ശേരി സ്വദേശിനി സാറാ തോമസ്, പാലക്കാട് സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്.

ഇതില്‍ ആല്‍വിന്‍ ജോസഫ് സുഹൃത്തിനൊപ്പം പരിപാടിക്കെത്തിയതായിരുന്നു.നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ നവകേരള സദസിലെ ആഘോഷ പരിപാടികൾ ഒഴിവാക്കി.

അപകടത്തിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവർക്കാണ് ചുമതല. സമഗ്ര അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് നൽകാനാണ് നിര്‍ദേശം.

മഴ പെയ്തപ്പോൾ വിദ്യാർഥികൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലാണുള്ളത്.

കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം സംഗീത സന്ധ്യ തീരുമാനിച്ചിരുന്നു. ഇത് കേൾക്കാൻ ഓഡിറ്റോറിയത്തിനകത്ത് നിറയെ കുട്ടികളുണ്ടായിരുന്നു. ഇതിനിടെ കനത്ത മഴ പെയ്തതോടെ പുറത്തുണ്ടായിരുന്നവർ കൂടി ഓഡിറ്റോറിയത്തിലെക്ക് തള്ളിക്കയറുകയായിരുന്നു. തിരക്കിനിടെ കുട്ടികൾ ശ്വാസം കിട്ടാതെ തലകറങ്ങി വീഴുകയായിരുന്നു.

Related Tags :
Similar Posts