കുസാറ്റ് അപകടം: മന്ത്രിമാര്‍ കൊച്ചിയിലേക്ക്
|ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും, വ്യവസായ മന്ത്രി പി. രാജീവുമാണ് കൊച്ചിയിലേക്ക് തിരിച്ചത്
കൊച്ചി: കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാലു വിദ്യാർഥികൾ മരിച്ച സാഹചര്യത്തിൽ നവകേരള സദസ്സ് പരിപാടി വെട്ടിച്ചുരുക്കി മന്ത്രിമാർ കൊച്ചിയിലേക്ക് തിരിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും, വ്യവസായ മന്ത്രി പി. രാജീവുമാണ് കൊച്ചിയിലേക്ക് തിരിച്ചത്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് മന്ത്രിമാരലെല്ലാം നിലവിൽ കോഴിക്കോടാണ് നിലവിലുള്ളത്.
എങ്കിലും തങ്ങളുടെ ഓഫീസുകൾ ഉദ്യോഗസ്ഥർക്കുവേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രിമാർ വ്യക്തമാക്കി. അൽപ്പസമയം മുമ്പാണ് ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചത്.
മഴ പെയ്തപ്പോൾ വിദ്യാർഥികൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലാണുള്ളത്.കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം സംഗീത സന്ധ്യ തീരുമാനിച്ചിരുന്നു.
ഇത് കേൾക്കാൻ ഓഡിറ്റോറിയത്തിനകത്ത് നിറയെ കുട്ടികളുണ്ടായിരുന്നു. ഇതിനിടെ കനത്ത മഴ പെയ്തതോടെ പുറത്തുണ്ടായിരുന്നവർ കൂടി ഓഡിറ്റോറിയത്തിലെക്ക് തള്ളിക്കയറുകയായിരുന്നു. തിരക്കിനിടെ കുട്ടികൾ ശ്വാസം കിട്ടാതെ തലകറങ്ങി വീഴുകയായിരുന്നു. ഇവർക്കുമുകളിലൂടെ മറ്റു കുട്ടികൾ കയറിയിറങ്ങിയതാണ് മരണത്തിന് കാരണം