പരിപാടി കാണാൻ പുറത്തുനിന്നുള്ള ആളുകളും തള്ളിക്കയറി: സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട് പുറത്ത്
|പരിക്കേറ്റ വിദ്യാർത്ഥികളുടെ ചികിത്സാചെലവ് സർവകലാശാല വഹിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു
കൊച്ചി: പരിപാടി കാണാൻ പുറത്തുനിന്നുള്ള വിദ്യാർത്ഥികളും പൊതുജനങ്ങളും തള്ളിക്കയറിയതാണ് അപകടകാരണമെന്ന് വി സി നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട്. കൊച്ചി ശാസ്ത്ര സാങ്കേതീക സർവകലാശാലയിൽ നവംബർ 24, 25,26 തിയതികളിൽ സ്ക്കൂൾ ഓഫ് എഞ്ചിനീയറിങ് വിഭാഗം നടത്തിയ ടെക്നിക്കൽ ഫെസ്റ്റിൽ എക്സിബിഷൻ, ടെക്നിക്കൽ ടോക്സ്, എക്സ്പേർട്ട് ലക്ചേഴ്സ് എന്നിവയാണ് നടന്നത്.
സമീപ കോളേജുകളിലെ വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നൽകുന്ന മ്യൂസിക്ക് പ്രോഗ്രാം നടത്തുന്ന സമയത്താണ് അപകടം ഉണ്ടായത്. പ്രോഗ്രാം തുടങ്ങുന്നതിന് മുൻപ് തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടി കാണാൻ പുറത്ത് തടിച്ചു കൂടിയിരുന്നു. പരിപാടി തുടങ്ങാറായപ്പോൾ എല്ലാവരും അകത്തേക്ക് കയറുവാൻ ശ്രമിച്ചു.
പ്രോഗ്രാം തുടങ്ങാറായപ്പോൾ മഴ ചാറി തുടക്കുകയും എല്ലാവരും അകത്തേക്ക് തള്ളിക്കയറുകയും ചെയ്തു. അപ്പോൾ സ്റ്റെപ്പിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ വീഴുകയും മറ്റുള്ളവർ അവരുടെ മീതെ വീഴുകയും ചെയ്തു. ഈ വീഴ്ചയുടെ ഭാഗമായി കുട്ടികൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ 3 പേർ കുസാറ്റ് വിദ്യാർഥികളാണ്. ഒരാൾ പുറത്ത് നിന്നുള്ള ആളാണ്. രണ്ടു വിദ്യാർഥികൾ സ്വകാര്യ ആശുപത്രിയിൽ തീപ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സർവകലാശാലയുടെ സിൻഡിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളുടെ ചികിത്സാചെലവ് സർവകലാശാല വഹിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.