Kerala
cusat accident
Kerala

കുസാറ്റ് അപകടം: സിൻഡിക്കേറ്റ് സമിതിയുടെ റിപ്പോർട്ട് വൈകുന്നു

Web Desk
|
13 Dec 2023 6:27 AM GMT

അന്വേഷണ റിപ്പോർട്ട് ബോധപൂർവം വൈകിപ്പിക്കുന്നുവെന്ന് ആരോപണം

കൊച്ചി: കുസാറ്റ് അപകടം സംബന്ധിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട് അനിശ്ചിതമായി നീളുന്നു. നാല് ദിവസത്തിനകം സമർപ്പിക്കേണ്ടിയിരുന്ന പ്രാഥമിക റിപ്പോർട്ട് 15 ദിവസമായിട്ടും നല്‍കിയില്ല. ഉപസമിതിക്ക് മൂന്നു തവണയാണ് സമയം നീട്ടി നൽകിയത്. റിപ്പോർട്ട് ഹൈക്കോടതിയില്‍ നല്‍കുന്നത് ഒഴിവാക്കാനാണ് നീക്കമെന്നാണ് ആക്ഷേപമുയരുന്നത്.

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ടെക്ഫെസ്റ്റിൽ സംഗീതനിശക്ക് മുന്നോടിയായുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാർഥികളടക്കം നാലുപേർ മരിച്ച സംഭവം അന്വേഷിക്കാനാണ് സിൻഡിക്കേറ്റ് ഉപസമിതിയെ നിശ്ചയിച്ചിരുന്നത്. നാല് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും രണ്ടാഴ്ചക്കകം വിശദമായ റിപ്പോർട്ടും സമർപ്പിക്കണമെന്നായിരുന്നു നിർദേശം.

എന്നാൽ, മൂന്നുതവണ സമയം നീട്ടിനൽകിയിട്ടും പ്രാഥമിക റിപ്പോർട്ട് പോലും ഉപസമിതി നൽകിയില്ല. നിലവിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കേസ് ഹൈക്കോടതിയിൽ നിലവിലുണ്ട്. ഈ കേസിന്റെ അടിസ്ഥാനത്തിൽ അന്വേഷണ റിപ്പോർട്ടുകൾ ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കണമെന്ന് സര്വകലാശാലയോടും സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു.

കേസ് കോടതി അടുത്ത ദിവസം പരിഗണിക്കാനിരിക്കെ സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട് സർവകലാശാലക്ക് ലഭിച്ചിട്ടില്ല. എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്ന് സർവകലാശാല വി.സി പിജി ശങ്കരൻ മീഡിയവണിനോട് പ്രതികരിച്ചു.

Similar Posts