Kerala
അധ്യാപന പരിചയമുള്ളതിനാലാണ് തസ്തിക നൽകിയത്; പി.കെ.ബേബിയുടെ അനധികൃത നിയമനത്തെ ന്യായീകരിച്ച് കുസാറ്റ്
Kerala

അധ്യാപന പരിചയമുള്ളതിനാലാണ് തസ്തിക നൽകിയത്; പി.കെ.ബേബിയുടെ അനധികൃത നിയമനത്തെ ന്യായീകരിച്ച് കുസാറ്റ്

Web Desk
|
22 Sep 2023 8:00 AM GMT

പി.കെ ബേബിയെ നിയമിച്ചത് സർക്കാരിന്റെയും വി.സിയുടേയും അനുമതിയോടെയെന്ന് കുസാറ്റ്

കൊച്ചി: പി.കെ ബേബിയെ അസിസ്റ്റന്റ് പ്രൊഫസറാക്കിയതിനെ ന്യായീകരിച്ച് കുസാറ്റ്. ബേബിയെ നിയമിച്ചത് സർക്കാരിന്റെയും വി.സിയുടേയും അനുമതിയോടെയാണ്. അധ്യാപക പരിചയമുള്ളതിനാലാണ് അധ്യാപക തസ്തിക നൽകിയത്. നോൺ ടീച്ചിങ് തസ്തികയാണെങ്കിലും മൂന്ന് വർഷത്തെ അധ്യാപന പരിചയം വേണമെന്ന നിബന്ധനയുണ്ട്. ഈ യോഗ്യത കൂടി പരിഗണിച്ചാണ് ബേബിയെ നിയമിച്ചതെന്നും കുസാറ്റ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.

പി കെ ബേബിയെ സമ്പൂർണമായി ന്യായീകരിക്കാൻ മാത്രമാണ് വാർത്താക്കുറിപ്പ് ശ്രമിക്കുന്നത്. മീഡിയവണാണ് പി.കെ ബേബിയുടെ നിയമന അട്ടിമറി പുറത്തു കൊണ്ടുവന്നത്. പി.കെ ബേബിയുടെ നിവേദനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സർവ്വകലാശാലയുടെ സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്താണ് ഈ അട്ടിമറി നടത്തിയത്. സർവ്വകലാശാല നൽകിയ വിശദീകരണത്തിൽ ഒരിടത്തും സ്റ്റുഡന്റ്‌സ് വെൽഫെയർ ഡയറക്ടർ പോസ്റ്റ് അധ്യാപക പോസ്റ്റാക്കി മാറ്റാനുള്ള കാരണം വിശദീകരിക്കുന്നില്ല.

വർധിച്ച ശമ്പള ബാധ്യതയുണ്ടാക്കിയ ഈ തീരുമാനം പി.കെ ബേബിയുടെ നിവേദനത്തിന്റെ മാത്രം അടിസ്ഥാനത്തിലായിരുന്നു. ബേബിയുടെ നിവേദനത്തിന്റെ കാര്യവും അത് ഉന്നത വിദ്യാഭ്യാസ വകുപ്പും സർവ്വകലാശാലയും അംഗീകരിക്കാനുള്ള കാരണവും വിശദീകരണത്തിലില്ല. ബേബിയുടെ യോഗ്യതയെ കുറിച്ച് വാചാലമാകുന്ന വാർത്താകുറിപ്പ് സ്റ്റുഡന്റ്‌സ് വെൽഫെയർ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ മൂന്നു വർഷത്തെ അധ്യാപന പരിചയം വേണമെന്ന കാര്യം പ്രത്യേകം സൂചിപ്പിക്കുന്നു. സ്റ്റുഡന്റ്‌സ് വെൽഫെയർ ഡയറക്ടർ തസ്തിക അധ്യാപക പോസ്റ്റാക്കിയ ശേഷം ആ പോസ്റ്റ് പ്രത്യേകം വിജ്ഞാപനം ചെയ്തിട്ടില്ല.

സർവ്വകലാശാല സ്റ്റാറ്റിയൂട്ട് ഭേദഗതിയോടെ തസ്തിക മാത്രമല്ല, തസ്തികയിലുള്ള വ്യക്തിയും സ്വാഭാവികമായി അധ്യാപക പദവിയിലെത്തുന്ന മറിമായമാണ് നടന്നത്. പി.കെ ബേബിക്ക് വേണ്ടി നടന്ന അട്ടിമറി ന്യായീകരിക്കാൻ ശ്രമിക്കുകയാണ് സർവ്വകലാശാല.

Similar Posts