കുസാറ്റ് തസ്തിക അട്ടിമറി: ഉന്നതവിദ്യാഭ്യാസ വകുപ്പിന് പങ്ക്
|ഉന്നത വിദ്യാഭ്യാസ വകുപ്പാണ് അനധ്യാപക പോസ്റ്റ് അധ്യാപക പോസ്റ്റാക്കാൻ കത്ത് നൽകിയത്
കൊച്ചി: പികെ ബേബിക്കായി കുസാറ്റിലെ തസ്തിക അട്ടിമറിച്ചതിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് വ്യക്തമായ പങ്ക്. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് അനധ്യാപക പോസ്റ്റ് അധ്യാപക പോസ്റ്റാക്കാൻ കത്ത് നൽകിയത്. സർവകലാശാലാ സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പി.കെ ബേബിയുടെ നിയമനം സംബന്ധിച്ച ചോദ്യത്തോട് സർവകലാശാലയിൽ ചോദിച്ചാൽ മതിയെന്നായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ മറുപടി.
സി രവീന്ദ്രനാഥ് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 2018 മെയ് മൂന്നിനാണ് ഉന്നത വിദ്യഭ്യാസ വകുപ്പിലെ അണ്ടർ സെക്രട്ടറി ജിജി ഡൊമനിക് കുസാറ്റ് റജിസ്ട്രാർക്ക് കത്ത് നൽകിയത്. സർവകലാശാലയോട് ഒരു തരത്തിലും ഉന്നത വിദ്യാഭ്യാസ് വകുപ്പിന് നിർദേശം നൽകാനാവില്ല ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കത്തു നൽകുന്നത്. കത്ത് ലഭിച്ച് ഒന്നര മാസത്തിന് ശേഷം നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഈ വിഷയം പരിഗണിക്കുകയും തസ്തിക മാറ്റത്തിന് തീരുമാനമെടുക്കകുയുമായിരുന്നു.
സിൻഡിക്കേറ്റ് യോഗത്തിന്റെ മിനുട്ട്‌സിൽ നിന്നും ഇക്കാര്യം വ്യക്തമാകുന്നുണ്ട്. സംസ്ഥാന സർക്കാരിൽ നിന്ന് ലഭിച്ച കത്തിന്റെ വെളിച്ചത്തിൽ യു.ജി.സി ശമ്പളത്തോടെ സ്റ്റുഡന്റ്‌സ് വെൽഫെയർ പോസ്റ്റ് ടീച്ചിംഗ് കാറ്റഗറിയാക്കി മാറ്റിയെന്നാണ് മിനുട്ടിസിൽ പരാമർശിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം കുസാറ്റ് സിൻഡിക്കേറ്റ് അതേപടി അംഗീകരിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ സർക്കാരിന്റെ രാഷ്ട്രീയ തീരുമാനം ഇതിന് പിന്നിലുണ്ട്. തസ്തിക അട്ടിമറിയിൽ ഉന്നത വിദ്യാഭ്യാസ് വകുപ്പിനും കുസാറ്റിനും ഒരു പോലെ പങ്കുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.