താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം; മരണ സർട്ടിഫിക്കറ്റ് പോലും ലഭിക്കുന്നില്ലെന്ന് കുടുംബം
|കൊല നടത്തിയ സഹപ്രവർത്തകരെ രക്ഷിക്കനായി പൊലീസ് നടത്തുന്ന ശ്രമങ്ങളാണ് മരണ സർട്ടിഫിക്കറ്റ് ലഭിക്കത്തതിന് കാരണം.
മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതകത്തിൽ പൊലീസ് അട്ടിമറി നടത്തുമ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത് താമിർ ജിഫ്രിയുടെ കുടുംബമാണ്. മരണ സർട്ടിഫിക്കറ്റ് പോലും കുടുംബത്തിന് ലഭിച്ചിട്ടില്ല. ഒരു വ്യക്തി മരിച്ചാൽ മരണ സർട്ടിഫിക്കറ്റ് ലഭിക്കുക എന്നത് കുടുംബത്തിന്റെ അവകാശമാണ്. എന്നാൽ പൊലീസ് അതിക്രൂരമായി കൊലപ്പെടുത്തിയ താമിർ ജിഫ്രിയുടെ ബന്ധുക്കൾക്ക് മരണ സർട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ല. കൊല നടത്തിയ സഹപ്രവർത്തകരെ രക്ഷിക്കനായി പൊലീസ് നടത്തുന്ന ശ്രമങ്ങളാണ് മരണ സർട്ടിഫിക്കറ്റ് ലഭിക്കത്തതിന് കാരണം.
ഡാൻസാഫ് സംഘത്തിന്റെ മുറിയിൽ വെച്ചാണ് കൊലപാതകം നടന്നത്. ഇത് മറച്ചുവെച്ച് മൂലക്കലിലെ അജിനോറ ആശുപത്രിയിലും, യാത്രക്കിടയിലുമാണ് മരിച്ചതെന്ന വ്യാജ വിവരങ്ങളാണ് പൊലീസ് താനൂർ നഗരസഭയിലും തനാളൂർ, അബ്ദുറഹ്മാൻ നഗർ പഞ്ചായത്തുകളിലും നൽകിയത്. തെറ്റായ വിവരങ്ങളും, അപൂർണമായ അപേക്ഷയും മൂന്ന് തദ്ദേശ സ്ഥാപനങ്ങളും തള്ളി.
മരണം നടന്ന് 20 ദിവസത്തിനകം സർട്ടിഫിക്കറ്റിനായി അപേക്ഷിക്കണം. അടുത്ത ഏഴ് ദിവസത്തിനകം പിഴ നൽകി അപേക്ഷിക്കാം. ഈ സമയമെല്ലാം കഴിഞ്ഞിട്ടും കുടുംബത്തിന് മരണ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. മരണ സ്ഥലം തെറ്റായി നൽകുന്നതിന് പുറമെ മരണകാരണവും വ്യക്തമാക്കുന്നില്ല. പൊലീസ് ഒളിച്ചുകളി അവസാനിപ്പിച്ച് ശരിയായ വിവരങ്ങൾ നൽകി എത്രയും വേഗത്തിൽ മരണ സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നാണ് താമിറിന്റെ കുടുംബം ആവശ്യപെടുന്നത്.