ശിവശങ്കറിനെതിരായ കേസിന്‍റെ വിശദാംശങ്ങൾ നൽകിയില്ലെന്ന വാദം തള്ളി കസ്റ്റംസ്
|സ്വർണക്കടത്ത് കേസിൽ കുറ്റപത്രം നല്‍കിയതുള്‍പ്പെടെയുളള വിവരങ്ങള്‍ ചീഫ് സെക്രട്ടറിക്ക് മെയില്‍ മുഖേനെ നൽകിയിരുന്നുവെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു
എം.ശിവശങ്കറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ വിശദാംശങ്ങള്‍ തേടിയിട്ടും നല്‍കിയില്ലെന്ന ചീഫ് സെക്രട്ടറി സമിതിയുടെ വാദം കസ്റ്റംസ് തളളി . സ്വർണക്കടത്ത് കേസിൽ കുറ്റപത്രം നല്‍കിയതുള്‍പ്പെടെയുളള വിവരങ്ങള്‍ ചീഫ് സെക്രട്ടറിക്ക് മെയില്‍ മുഖേനെ നൽകിയിരുന്നുവെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.
കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിലും ഡോളർ കടത്തു കേസിലും പ്രതിയാണ് ശിവശങ്കർ. കേസിലെ പ്രതികളുമായുള്ള ബന്ധം വ്യക്തമായതോടെ 2019 ജൂലൈ 14നാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞതോടെ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി ശിവശങ്കറിനെ തിരിച്ചടുക്കാന്‍ തീരുമാനമെടുത്തു.
ഡിസംബർ 30 ന് മുന്‍പ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ വിശദാംശങ്ങള്‍ തേടികൊണ്ട് കത്ത് നൽകിയിരുന്നുവെന്നും എന്നാല്‍ യാതൊരു പ്രതികരണവുമുണ്ടായില്ലെന്നുമാണ് സസ്പെൻഷൻ പിൻവലിച്ചുകൊണ്ട് സമിതി വിശദമാക്കിയത്. എന്നാൽ ചീഫ് സെക്രട്ടറി നല്‍കിയ കത്തിന് ചീഫ് കമ്മീഷണർ മെയില്‍ മുഖേനെ മറുപടി നല്‍കിയിരുന്നുവെന്നാണ് കസ്റ്റംസ് വാദം. രണ്ട് കേസുകളിൽ ഉൾപ്പെട്ട വിവരവും സ്വർണക്കടത്ത് കേസിൽ കുറ്റപത്രം നൽകിയതിന്‍റെയും ഡോളർ കടത്ത് കേസിൽ ഷോക്കോസ് നോട്ടീസ് അയച്ചതിന്‍റെയും വിവരങ്ങളാണ് കൈമാറിയതെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഡോളര്‍ കടത്ത് കേസില്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്റ്റംസ് തീരുമാനം. അടുത്ത വര്‍ഷം ജനുവരി 24ന് സര്‍വീസ് കാലാവധി അവസാനിക്കുന്ന ശിവശങ്കറിനെ കായിക - യുവജന ക്ഷേമ വകുപ്പ് സെക്രട്ടറിയായാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്.