അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍സംസ്ഥാന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ്
|രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെന്നും കസ്റ്റംസ് കോടതിയില്‍.
രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്ക് അന്തര്‍സംസ്ഥാന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ്. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണ് കെസിലെ പ്രതികളെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി.
സ്വര്‍ണക്കടത്തിനു പിന്നില്‍ കൂടുതല്‍പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയ അളവില്‍ സ്വര്‍ണം ഇന്ത്യയിലെത്തിച്ചുവെന്നും കസ്റ്റംസ് വ്യക്തമാക്കി. അര്‍ജുന്‍റെ റിമാന്‍റ് കാലാവധി 14 ദിവസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കസ്റ്റംസിന്‍റെ വിശദീകരണം.
കേസില്‍ രണ്ടുപേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. മുഹമ്മദ് ഷാഫിയുടെയും അർജുൻ ആയങ്കിയുടെയും സുഹൃത്തുക്കളായ അജ്മല്‍, ആഷിഖ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. അതേസമയം, ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഷാഫിയെ അറസ്റ്റ് ചെയ്യണോ എന്ന് ചോദ്യംചെയ്യലിന് ശേഷം തീരുമാനിക്കും.