അർജുൻ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
|അർജുന്‍റെ സുഹൃത്തുക്കളെ കുറിച്ചും മൊബൈൽ ഫോണിനെക്കുറിച്ചും അറിയാനാണ് ചോദ്യം ചെയ്യൽ
രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. അർജുന്‍റെ സുഹൃത്തുക്കളെ കുറിച്ചും മൊബൈൽ ഫോണിനെക്കുറിച്ചും അറിയാനാണ് ചോദ്യം ചെയ്യൽ. ദുബൈയിൽ നിന്ന് സ്വർണം കൊണ്ടുവന്ന മുഹമ്മദ് ഷെഫീഖിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
അർജുന്‍റെ ഭാര്യ അമലയോട് ഇന്ന് രാവിലെ കൊച്ചിയിലെ ഓഫീസിൽ എത്താനാവശ്യപ്പെട്ടാണ് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്. മൊബൈൽ ഫോൺ പുഴയിൽ എറിഞ്ഞു എന്ന അർജുന്‍റെ മൊഴി കസ്റ്റംസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. മൊബൈൽ സുരക്ഷിതമായി എവിടെയോ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. ഇതിന്‍റെ വിശദാംശങ്ങൾ അറിയാനാണ് അർജുന്‍റെ ഭാര്യയെ ചോദ്യം ചെയ്യുന്നത്. കൂടാതെ അർജുൻ ഉൾപ്പെട്ട കണ്ണൂരിലെ പൊട്ടിക്കൽ സംഘാഗങ്ങളെ കുറിച്ചും ചോദിച്ചറിയും.
അർജുന്‍റെ വീട്ടിൽ നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ടി പി വധക്കേസിലെ പ്രതികളായ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും വീട്ടിൽ കസ്റ്റംസ് തെളിവെടുപ്പിന് എത്തിയത്. ഇവരെക്കുറിച്ചും അമലയോട് ചോദിച്ചറിയും. മുഹമ്മദ് ഷാഫിയെ ബുധനാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. കേസിലെ മറ്റൊരു പ്രതി മുഹമ്മദ് ഷെഫീഖിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അർജുനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് നാളെ അപേക്ഷ നൽകിയേക്കും.