പി.വി അൻവറിന്റെ ആരോപണം; സുജിത് ദാസിന്റെ മൊഴിയെടുക്കാൻ കസ്റ്റംസ്
|സ്വർണക്കടത്ത് സംഘങ്ങൾക്ക് സുജിത് ദാസിന്റെ സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
കൊച്ചി: പി.വി അൻവറിന്റെ ആരോപണത്തിലെ കസ്റ്റംസ് അന്വേഷണത്തിൽ മുൻ മലപ്പുറം എസ്.പി സുജിത് ദാസിന്റെ മൊഴിയെടുക്കും. സ്വർണക്കടത്ത് സംഘങ്ങൾക്ക് സുജിത് ദാസിന്റെ സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുക.
സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും സ്വർണം അടിച്ചുമാറ്റുന്നുണ്ടെന്നുമുള്ള പി.വി അൻവർ എംഎൽഎയുടെ ആരോപണത്തിനു പിന്നാലെയാണ് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ അന്വേഷണം നടത്താൻ കസ്റ്റംസ് തീരുമാനിച്ചത്. ഇതിനായി ഒരു പ്രത്യേക അന്വേഷണസംഘത്തെ തന്നെ കസ്റ്റംസ് രൂപീകരിക്കുകയും ചെയ്തു.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണർ കെ. പത്മാവതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അേന്വഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സുജിത് ദാസിന്റെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇദ്ദേഹം എസ്പിയായിരുന്ന സമയത്ത് 124 സ്വർണക്കടത്ത് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 150ഓളം കിലോ സ്വർണമാണ് പിടികൂടിയിരുന്നത്.
ഇതിൽ സ്വർണക്കടത്ത് സംഘത്തിന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. കൂടാതെ, നേരത്തെ കസ്റ്റംസ് ഇൻസ്‌പെക്ടർ ആയിരുന്ന സമയത്തെ ബന്ധം ഉപയോഗിച്ചാണ് പിൽക്കാലത്ത് സ്വർണക്കടത്ത് സംഘങ്ങൾക്ക് സഹായമൊരുക്കിയതെന്ന ആരോപണവും അൻവർ എംഎൽഎ ഉന്നയിച്ചിരുന്നു. ഇതിലും അന്വേഷണം നടത്തും. ഏതൊക്കെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കും.
പിടികൂടുന്ന സ്വർണത്തിൽ കുറവുണ്ടെന്ന വിവരവും ലഭിച്ചിരുന്നു. സുജിത് ദാസ് എസ്പിയായിരുന്ന സമയത്താണോ ഇത്തരത്തിൽ സ്വർണത്തിന്റെ പങ്കുപറ്റിയത് എന്നുള്ള സംശയവും കസ്റ്റംസിനുണ്ട്. ഇതിലൊക്കെ വ്യക്തത വരുത്താനാണ് സുജിത് ദാസിന്റെ മൊഴിയെടുക്കാൻ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.