മുട്ടിൽ മരം മുറിക്കേസ്: ആര് വിചാരിച്ചാലും അട്ടിമറിക്കാൻ കഴിയില്ല, ബെന്നി ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥൻ- എ.കെ ശശീന്ദ്രൻ
|മന്ത്രിസ്ഥാനം സംബന്ധിച്ച് എൻസിപിയിൽ തർക്കങ്ങളില്ലെന്നും മാറേണ്ടി വന്നാൽ അപ്പോൾ നോക്കാമെന്നും മന്ത്രി
തിരുവനന്തപുരം: ആര് വിചാരിച്ചാലും മുട്ടിൽ മരം മുറി കേസ് ദുർബലമാക്കാൻ കഴിയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. കേസ് അന്വേഷിച്ചിരുന്ന ഡിവൈഎസ്പി വി.വി ബെന്നിക്കെതിരെ എന്ത് ആരോപണം വന്നാലും കേസിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. മുട്ടിൽ മരം മുറി കേസ് ആത്മാർത്ഥമായി അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ബെന്നിയെന്നും ഏതെങ്കിലും ഇടപെടൽ ഉണ്ടായാൽ മുട്ടിൽ കേസ് ദുർബലമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്പി സുജിത് ദാസും, സിഐയും പീഡിപ്പിച്ചെന്നും ഡിവൈഎസ്പി വി.വി.ബെന്നി മോശമായി പെരുമാറിയെന്നുമായിരുന്ന് യുവതി ചാനലിലൂടെ ആരോപണം നടത്തിയിരുന്നു. എന്നാൽ മുട്ടിൽമരം മുറിക്കേസ് അട്ടിമറിക്കാനള്ള ഒരു ചാനലിന്റെ ശ്രമമാണ് തനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണത്തിന് പിന്നിലെന്ന് ബെന്നി പ്രതികരിച്ചു. ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വി.വി ബെന്നി പറഞ്ഞിരുന്നു.
മന്ത്രിസ്ഥാനം സംബന്ധിച്ച് എൻസിപിയിൽ തർക്കങ്ങൾ ഇല്ലെന്നും അത്തരം ചർച്ചകൾ പാർട്ടിക്കുള്ളിൽ നടന്നിട്ടില്ലെന്നും ശശീന്ദ്രൻ പ്രതികരിച്ചു. തോമസ് കെ. തോമസ് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടതായി അറിയില്ല. എംഎൽഎ എന്ന നിലയിൽ മുഖ്യമന്ത്രിയെ കാണുന്നത് സാധാരണ കാര്യമാണ്. സർക്കാർ രൂപീകരണസമയത്ത് രണ്ടര വർഷമെന്ന ഉപാതി വെച്ചിട്ടില്ല. മന്ത്രി സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നാൽ അപ്പോൾ നോക്കാം. സംസ്ഥാന പ്രസിഡന്റ് പറയേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.