ബംഗാളിൽ കുഞ്ഞാലിക്കുട്ടിയുടെ തന്ത്രമാണ് പ്രയോഗിക്കുന്നത്; പ്രകീർത്തിച്ച് സിവി ആനന്ദബോസ്
|"ദ ഇംപോർട്ടന്സ് ഓഫ് ബിയിങ് കുഞ്ഞാലിക്കുട്ടി എന്നത് ബംഗാളിലും പ്രസക്തമാണ്"
മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്. ഇരുകക്ഷികളെയും പിണക്കാത്ത കുഞ്ഞാലിക്കുട്ടിയുടെ നയതന്ത്രമാണ് ബംഗാളിൽ പ്രയോഗിക്കുന്നതെന്ന് ആനന്ദബോസ് പറഞ്ഞു. മലയാള മനോരമ മലപ്പുറത്ത് സംഘടിപ്പിച്ച കർഷകശ്രീ പുരസ്കാരച്ചടങ്ങിലായിരുന്നു ബംഗാൾ ഗവർണറുടെ പ്രതികരണം.
'കുഞ്ഞാലിക്കുട്ടിയെ തന്ത്രമാണിപ്പോൾ ബംഗാളിൽ പ്രയോഗിക്കുന്നത്. അത് സാക്ഷാൽ ശ്രീകൃഷ്ണന്റെ തന്ത്രമാണ്. അത് രണ്ടും ഒന്നാകുന്നത് എങ്ങനെയെന്ന് ഞാൻ പറയാം. ഒരിക്കൽ നാരദൻ ശ്രീകൃഷ്ന്റെ അടുത്ത് ഒരു പാരിജാതപ്പൂവ് കൊടുത്തു. ഇത് നിന്റെ പ്രിയ പത്നിക്ക് കൊടുക്കണം. പിന്നെ നിങ്ങൾക്ക് അറിയാമല്ലോ... അപ്പോഴാണ് രണ്ടു പേരെയും പിണക്കാത്ത രീതിയിൽ പ്രശ്നം പരിഹരിക്കുന്ന കുഞ്ഞാലിക്കുട്ടി ശൈലി ഗവർണർ എന്ന നിലയിൽ ഇന്ന് സ്വീകരിക്കുന്നത്.' - ആനന്ദബോസ് പറഞ്ഞു.
ബംഗാളിൽ സർക്കാറും ഗവർണറും തമ്മിലുള്ള പോര് നിർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'എല്ലാവരും എന്നോട് ചോദിക്കും, ബംഗാളിലല്ലേ, അടിപിടി തുടങ്ങിയോ... കുഞ്ഞാലിക്കുട്ടിയുടെ പ്രാധാന്യം ഇപ്പോൾ മനസ്സിലായല്ലോ. ദ ഇംപോർട്ടൻസ് ഓഫ് ബിയിങ് ഏണസ്റ്റ് എന്ന ലോകപ്രസിദ്ധമായ ഒരു കൃതിയുണ്ട്. ദ ഇംപോർട്ടൻസ് ഓഫ് ബിയിങ് കുഞ്ഞാലിക്കുട്ടി എന്നത് ബംഗാളിലും പ്രസക്തമാണ് എന്ന് ഇപ്പോൾ മനസ്സിലായല്ലോ. ബംഗാളിൽ ഇപ്പോൾ പ്രശ്നമില്ലെങ്കിൽ അതിന്റെ കാരണം... ഞങ്ങളുടെ ഈ കീരിയും പാമ്പും കളിയും നിർത്തി. പിന്നെ എന്തെങ്കിലും ഒരു കളി വേണ്ടേ. ഇപ്പോൾ ടോം ആന്റ് ജറിയാക്കി മാറ്റി. പിന്നെ ചിലപ്പോൾ ബജറ്റിന്റെ സമയത്തൊക്കെ ഞങ്ങൾ കീരിയും പാമ്പും കളിച്ചെന്നിരിക്കും.'- ആനന്ദബോസ് പറഞ്ഞു.
കൃഷിമന്ത്രി പി പ്രസാദ് കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു ആനന്ദബോസിന്റെ സംസാരം. ബിസിനസിൽ ഒൻട്രപ്രനേഴ്സിനെയെന്ന പോലെ കൃഷിയിൽ അഗ്രിപ്രനേഴ്സിനെ വാർത്തെടുക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ജൈവ ഫാമിങ് ഹബ്ബായി മാറാനുള്ള യോഗ്യത കേരളത്തിനുണ്ട്. അത് ജനങ്ങളിലേക്കെത്തിക്കാൻ അധികാരികൾക്ക് കഴിയണം- ആനന്ദബോസ് കൂട്ടിച്ചേർത്തു.