അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപ കേസ്: പ്രതി നന്ദകുമാറിനെ ചോദ്യം ചെയ്യാൻ പൊലീസ്
|ബുധനാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയത്
തിരുവനന്തപുരം: അച്ചു ഉമ്മനെതിരായ സൈബർ ആക്രമണക്കേസിൽ കെ.നന്ദകുമാറിനെ ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകി. ബുധനാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയത്. മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ ഐഎച്ച്ആർഡി അഡ്മിനിസ്‌ട്രേറ്റ് ഓഫീസർ കൂടിയാണ് നന്ദകുമാർ.
സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം ഒരു മാസം മുമ്പാണ് നന്ദകുമാറിന് ഐ.എച്ച്.ആർ.ഡിയിൽ നിയമനം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരമാണ് സി.പി.എം സൈബർ ഇടങ്ങളിൽ സജീവ സാന്നിധ്യമായ നന്ദകുമാറിന് നിയമനം നൽകിയതെന്നാണ് സൂചന.
അച്ചു ഉമ്മൻ പരാതി നൽകിയതിന് പിന്നാലെ മാപ്പ് പറഞ്ഞ നന്ദകുമാർ ഫേസ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. സർവീസ് ചട്ട പ്രകാരവും സോഷ്യൽ മീഡിയ വഴി അധിക്ഷേപം നടത്തുന്നത് തെറ്റാണ്. ഇതിനിടയിൽ അച്ചു ഉമ്മന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ നന്ദകുമാറിന്റെ മൊഴി താമസിയാതെ പൂജപ്പുര പൊലീസ് രേഖപ്പെടുത്തും.
നിലവിൽ അന്വേഷണത്തിൽ തൃപ്തയാണെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. അതേസമയം, പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ സർക്കാർ വിരുദ്ധത ഫലത്തിൽ പ്രതിഫലിക്കുമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ഏറെ അനുകൂല സാഹചര്യമാണുള്ളത്.ഉമ്മൻ ചാണ്ടിക്ക് ലഭിക്കുന്ന സ്വീകാര്യത സഹതാപം അല്ല,53 വർഷത്തെ പ്രഖ്വർത്തനത്തിനുള്ള അംഗീകാരമാണ്. ഉമ്മൻ ചാണ്ടിക്കുള്ള അവസാന യാത്ര അയ്യപ്പ് ശരിക്കും നാളെയാണെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.